ന്യൂഡൽഹി: സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെയുള്ള ദേശീയപാത പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിലാണ് പ്രഖ്യാപനം. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) പോലുള്ള മേഖലകളിൽ ചൈനീസ് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്നും ഗഡ്കരി പറഞ്ഞു.
ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പ്രാധാന്യമുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകൾ സർക്കാർ തിങ്കളാഴ്ച നിരോധിച്ചിരുന്നു. ദേശീയപാത പദ്ധതികളിൽ പങ്കാളികളാകാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതിനായി ഇന്ത്യൻ കമ്പനികൾക്കായുള്ള യോഗ്യത നയം ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ചൈനീസ് പങ്കാളിത്തമുള്ള വളരെ കുറച്ച് പദ്ധതികൾ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. പ്രാദേശിക ഉൽപാദനത്തിന്‍റെ ശേഷി വർധിപ്പിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമാണ മാനദണ്ഡങ്ങൾ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് ചെന്നൈ, വിശാഖപട്ടണം തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ ചരക്കുകളുടെയും ഭൗതിക പരിശോധന ആരംഭിച്ചു.