ന്യൂഡൽഹി:രാജ്യത്ത് 13,203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,06,67,736 ആയി ഉയർന്നു.
നിലവിൽ 1,84,182 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 13,298 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,30,084 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 96.83 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 131പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കാണിത്. മഹാരാഷ്ട്ര(45), കേരളം(20), ഡൽഹി(9), ഛത്തീസ്‌ഗഡ്(8), പശ്ചിമ ബംഗാൾ(8), ഉത്തർപ്രദേശ്(8) എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്. ഇതുവരെ 1,53,470 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ 50,785 പേരും തമിഴ്‌നാട്ടിൽ 12,316 പേരും കർണാടകയിൽ 12,197 പേരും ഡൽഹിയിൽ 10,808 പേരും പശ്ചിമബംഗാളിൽ 10,115 പേരും ഉത്തർപ്രദേശിൽ 8,617 പേരും ആന്ധ്രയിൽ 7,147 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഐസിഎംആർ കണക്കനുസരിച്ച് ഞായറാഴ്‌ച 5,70,246 സാംപിളുകൾ കൂടി പരിശോധിച്ചതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 19.23 കോടി ആയി.