ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരായ പാകിസ്ഥാന്‍റെ പരാമര്‍ശം തള്ളി ഇന്ത്യ. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് മാത്രമായി നല്‍കിയ കോടതി വിധി നീതിയല്ലെന്ന് വിധി വന്നതിന് പിന്നാലെ പാകിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍ അയോധ്യ കേസ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ന്യൂ ഡല്‍ഹിയില്‍ പറഞ്ഞു.
കോടതിവിധിക്ക് പിന്നാലെ വന്ന പാകിസ്ഥാന്‍റെ പ്രതികരണത്തെ ഇന്ത്യ തള്ളിക്കളയുകയാണ്. ഇന്ത്യയിലെ ഒരു കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസും, വിധിയും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിനാല്‍ തന്നെ വിഷയത്തില്‍ പാകിസ്ഥാന്‍റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.
അയോധ്യവിധി വന്നതിന് പിന്നാലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്‌ക്ക് കഴിഞ്ഞില്ലെന്നും, നീതിയുടെ ഭാഗത്ത് നില്‍ക്കുന്നതില്‍ ഇന്ത്യന്‍ പരമോന്നത കോടതി പരാജയപ്പെട്ടുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയുടെ പൂര്‍ണമായ അവകാശം ഹിന്ദുക്കള്‍ക്കാണെന്നും, പള്ളി നിര്‍മിക്കാന്‍ മുസ്ലീം വിഭാഗത്തിന് തര്‍ക്ക പ്രദേശത്തിന് പുറത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീംകോടതി ശനിയാഴ്‌ച വിധിച്ചിരുന്നു.