ന്യൂഡൽഹി: സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനായി അൺലോക്ക് 4ൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. ലോക്കൽ / മെട്രോ റെയിൽ അനുവദിക്കുക, സിംഗിൾ തിയറ്റർ സിനിമാ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, സമാന സ്ഥലങ്ങൾ എന്നിവ അനുവദിക്കുന്നതിന് സർക്കാരിന് വിവിധ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, ഈ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനമെടുത്തിട്ടില്ല.
സെപ്റ്റംബർ ആദ്യ വാരം മുതൽ പ്രാദേശിക റെയിൽ ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ കർശനമായ സാമൂഹിക അകലം പാലിച്ച് സിംഗിൾ സ്ക്രീൻ സിനിമാ ഹാളുകൾ അനുവദിക്കാനും സാധ്യതയുണ്ട്. ഓഡിറ്റോറിയങ്ങൾക്കും ഹാളുകൾക്കും ഇളവ് നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ഇവയിൽ തെർമൽ സ്ക്രീനിങ്ങ്, ടെമ്പറേച്ചർ ചെക്ക് തുടങ്ങിയ സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു. അതേസമയം സ്കൂളുകളും കോളജുകളും തുറക്കാൻ സാധ്യതയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വന്ദേ ഭാരത് മിഷനു കീഴിൽ യാത്രക്കാരുടെ വിമാന യാത്ര പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന യാത്രാ മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കുകളും മൾട്ടി സ്‌ക്രീൻ സിനിമ ഹാളുകളും സർക്കാർ തുറക്കാൻ സാധ്യതയില്ല.