രാജ്യത്തിന് റാഫേൽ യുദ്ധ വിമാനങ്ങളില്ലാത്തതിൽ നഷ്ടബോധം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലെ ഇന്ത്യൻ വ്യോമാക്രമണവും തുടർന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കും പിന്നാലെയാണ് മോദിയുടെ പ്രസ്താവന. എന്നാൽ റാഫേൽ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്താത്തതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം മോദിക്കു മാത്രമാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
രാജ്യമാകെ ഇന്ന് ഒരേ ശബ്ദത്തിൽ പറയുന്നത് ഇന്ത്യയുടെ കൈവശം റാഫേൽ യുദ്ധ വിമാനങ്ങളുണ്ടായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമെന്നാണ്. നേരത്തെ സ്വാർത്ഥ താൽപര്യങ്ങള്‍ക്കൊണ്ടും ഇന്ന് റാഫേലിന് മേലുളള രാഷ്ട്രീയ കളികള്‍ കൊണ്ടും രാജ്യം കഷ്ടപ്പെടുകയാണെന്നും മോദി പറഞ്ഞു. തന്നെ വിമർശിക്കാനും ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാനും പ്രതിപക്ഷത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതൊരിക്കലും രാജ്യത്തിന്‍റെ സുരക്ഷാ താൽപര്യങ്ങളെ ബാധിക്കരുതെന്നും മോദി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മോദി നടത്തിയത്. വർഷങ്ങളോളം രാജ്യം ഭരിച്ചവരുടെ സമയത്ത് നിരവധി പ്രതിരോധ കുംഭകോണങ്ങളാണ് നടന്നത്. കരാറുകള്‍ നടന്നില്ലെങ്കിൽ അത് പ്രതിരോധ മേഖലയിലെ ആധുനികവൽക്കരണത്തെ ബാധിക്കും . പ്രതിരോധ അഴിമതിയിലെ ഇടനിലക്കാരെല്ലാം ആരോട് അടുപ്പം പുലർത്തുന്നവരാണെന്ന് രാജ്യത്തിനറിയാമെന്നും മോദി പറഞ്ഞു.
അഴിമതി വെച്ചു പൊറുപ്പിക്കാത്ത സർക്കാരാണിത്. അതിനാൽ അധികാര ഇടനാഴികളിൽ ഇടനിലക്കാരില്ല. 2009 ൽ യുപിഎ സർക്കാർ കാലത്ത് അവഗണിക്കപ്പെട്ട 2.3 ലക്ഷം ബുളളറ്റ് പ്രൂഫ് വാങ്ങാനുളള നിർദേശം തന്‍റെ സർക്കാർ നടപ്പാക്കിയെന്നും മോദി അവകാശപ്പെട്ടു.