ന്യഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമെന്ന് തുര്‍ക്കിയോടും മലേഷ്യയോടും ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ കശ്മീരുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നടത്തിയ പ്രസ്താവനകള്‍ക്കാണ് ഇന്ത്യയുടെ മറുപടി. തുര്‍ക്കി പ്രസിഡന്‍റ് തയ്ബ് ഒര്‍ദോഗനും മലേഷ്യന്‍ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മുഹമ്മദുമാണ് ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയത്. വിഷയത്തില്‍ പാകിസ്ഥാന്‍ പ്രതികരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ഇന്ത്യക്ക് നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രതികരണങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. കശ്മീരില്‍ ഇന്ത്യ നടപ്പാക്കുന്നത് സ്വന്തം നയങ്ങളാണെന്ന് എല്ലാവരും മനസിലാക്കണം. സ്വാതന്ത്ര്യം നേടുന്ന സമയത്ത് കശ്മീര്‍ ഇന്ത്യയുമായി ലയനക്കരാറില്‍ ഒപ്പിട്ടതാണ്. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം കശ്മീരില്‍ കടന്ന് കയറി രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ കയ്യടക്കി. ഇക്കാര്യങ്ങള്‍ മനസിലാക്കി വേണം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ വര്‍ഷങ്ങളായുള്ള നയതന്ത്ര ബന്ധമാണുള്ളത്. യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി നടത്തിയ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ അന്തര്‍ദേശീയ സമൂഹം ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ച മലേഷ്യന്‍ പ്രസിഡന്‍റിനും രവീഷ് കുമാര്‍ തക്കതായ മറുപടി നല്‍കി. 2018-19 വര്‍ഷം മലേഷ്യയുമായി 15 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് ഓര്‍ക്കണം. ഇന്ത്യക്ക് വ്യാപാര ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് മലേഷ്യ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ക്കുന്ന ചൈനക്കും തുര്‍ക്കിക്കുമൊപ്പം നില്‍ക്കുന്നതിലെ യുക്തിയെകുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.