ന്യൂഡല്‍ഹി: കോവിഡ് -19 വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ. വാക്‌സിനുകളുടെ വികസനത്തിന്‍റെ പാതയിലാണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്‌ള പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകൾക്കായി സംഘടിപ്പിച്ച ഒരു സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും പങ്കാളിത്ത രാജ്യങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താനുള്ള സാധ്യത ഇന്ത്യ പരിശോധിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിലൂടെ അറിയിച്ചു.
വാക്‌സിൻ വികസന മേഖലയിലെ ഗവേഷണ സഹകരണം രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയെ നേരിടാൻ എല്ലാ മനുഷ്യരെയും സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു. വാക്സിനുകളുടെ വികസനവും പരീക്ഷണവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ സ്വീകരിക്കുന്നതിനായി നിരവധി രാജ്യങ്ങൾ സമീപിക്കുന്നുണ്ടെന്നും ശ്രിംഗ്ള വ്യക്തമാക്കി.