ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് പുതുതായി 9304 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,16,919 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 6075 ആയി.
ഇതുവരെ 1,06,737 പേർക്ക് രോഗം ഭേദമായതാണ് രോഗ വ്യാപനം കുതിച്ചുയരുന്നതിനിടയിലും നേരിയ ആശ്വാസമാകുന്നത്. രോഗം അതിതീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 74,860 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 25,872 പേർക്കും ഡല്‍ഹിയില്‍ 23,645 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,39,485 പേരുടെ സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതുവരെ 42,42,718 സാമ്പിളുകളാണ് രാജ്യത്ത് പരിശോധന നടത്തിയത്.