ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്‍ഡിഐ) എത്തുന്നത് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശ്യം ശക്തമായി പ്രകടമാക്കുന്ന പ്രസ്താവനകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം ശക്തിപ്രാപിച്ചതോടെ പുതുതായി വളര്‍ച്ചതേടുന്ന വിപണികളില്‍, പ്രത്യേകിച്ചും പൂര്‍വ, ദക്ഷിണ ഏഷ്യന്‍ മേഖലകളില്‍ എഫ്‍ഡിഐ ആകര്‍ഷിക്കാനുള്ള പുതിയൊരു വ്യഗ്രത പ്രകടമായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി ചൈനയില്‍നിന്നും തങ്ങളുടെ രാജ്യങ്ങളിലേക്ക് നിര്‍മാണയൂനിറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കമ്പനികള്‍ക്ക് തായ്‍ലാന്‍റും വിയറ്റ്‍നാമും നികുതി നിരക്കില്‍ 10% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളുടെ സ്വാധീനത്താലാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇന്ത്യയും ഇത്തരത്തില്‍ നികുതി ഇളവ് കൊണ്ടുവന്നത്.
ഈ നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ നമ്മുടെ നാട്ടിലെ എഫ്‍ഡിഐ മറ്റ് പുത്തന്‍ വിപണി സമ്പദ്‍വ്യവസ്ഥകളെ അപേക്ഷിച്ച് മന്ദഗതിയിലാണ്. പകരം, ഇന്ത്യ ഫോറിന്‍ പോര്‍ട്ട്‍ഫോളിയോ ഇന്‍വെസ്റ്റ്മെന്‍റ് (എഫ്‍പിഐ) ഇഷ്ടസ്ഥാനമായി മാറിയിരിക്കുകയാണ്. ഈ നിക്ഷേപം പ്രധാനമായും എത്തുന്നത് ഓഹരിവിപണിയിലായതിനാല്‍ അതിനെ 'ഹോട്ട് മണി' ആയി കണക്കാക്കുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ എഫ്‍ഡിഐ അടിയന്തരമായി വന്നുചേരാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലെ മന്ദത പരിഗണിച്ച് ഈ പ്രധാന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഇന്ത്യ ഇപ്പോഴും വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ സ്ഥാലമാണെന്ന് ലോകബാങ്കും ഉന്നത വിഭവശേഷിയുള്ള മറ്റ് വിദേശസ്ഥാപനങ്ങളും സമീപകാലത്ത് നടത്തിയ പ്രസ്‌താവനകള്‍ സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമങ്ങളില്‍ ആശ്വാസം പകരുന്നതാണ്. പൊതുവായി പറഞ്ഞാല്‍ രാജ്യം എപ്പോഴും താല്‍പര്യപ്പെടുന്നത് എഫ്‍ഡിഐയാണ്. കാരണം അത് കൂടുതല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും രാജ്യത്ത് ദീര്‍ഘകാല തൊഴില്‍ ലഭ്യത നല്‍കുന്നവിധം ആസ്‌തി സൃഷ്ടിക്കുന്നതുമാണ്.
![ഇന്ത്യയും നേരിട്ടുള്ള വിദേശ നിക്ഷേപവും; ഊന്നലില്‍ മാറ്റം അനിവാര്യം: ഡോ.എസ് അനന്ത് ഇന്ത്യയും നേരിട്ടുള്ള വിദേശ നിക്ഷേപവും India and Foreign Direct Investment: Changed Focus Necessary India and Foreign Direct Investment](https://etvbharatimages.akamaized.net/etvbharat/prod-images/fdi-stats_1012newsroom_1575952020_180.jpg)
നേരേമറിച്ച് പോര്‍ട്ട്ഫോളിയോ നിക്ഷേപം നടത്തപ്പെടുന്നത് ഓഹരി വിപണിയിലായതിനാല്‍ അത് ഹ്രസ്വകാല ലക്ഷ്യം വെച്ചുള്ളതാണ്. അതിനെക്കാള്‍ പ്രധാനം എഫ്‍പിഐ അധികവും വന്നുചേരുന്നത് മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലൂടെയാണ്. അവയുടെ ആത്യന്തികമായ സാമ്പത്തിക ഉറവിടം സംശയാസ്‌പദവുമാണ്. എഫ്‍പിഐയുടെ ആ നിലയിലുള്ള പ്രാധാന്യം ഒരു സംഘര്‍ഷ ബിന്ദു സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്- പ്രത്യേകിച്ചും ഒരു മാന്ദ്യത്തിന് സാധ്യതയുള്ളപ്പോല്‍ ആ മാന്ദ്യം ചാക്രിക സ്വഭാവമുള്ളതാണെങ്കില്‍പ്പോലും. കാരണം സാധാരണ അളവുകോലായി സ്വീകരിക്കുന്ന സൂചകങ്ങളുടെ നീക്കത്തെ അത് പര്‍വതീകരിച്ചുകാണിക്കുന്നു. അതേസമയം ദീര്‍ഘകാല നിക്ഷേപകരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ കൂടുതല്‍ സംവേദകത്വം പുലര്‍ത്തുകയും അവ നിറവേറ്റാന്‍ മുന്‍കൈ എടുക്കുകയും വേണം. കാരണം ലോക വാണിജ്യരംഗം കഴിഞ്ഞ നാല് മാസങ്ങളായി തുടര്‍ച്ചയായ പതനമാണ് കാണിക്കുന്നത്. ഇതിന്‍റെ അര്‍ത്ഥം വിവിധ രാജ്യങ്ങളില്‍നിന്നും ദീര്‍ഘകാല നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ധൃതിപിടിച്ച നീക്കങ്ങളുണ്ടാകുമെന്നാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപകരുടെ താല്‍പര്യങ്ങളോട് ഇന്ത്യ എത്രത്തോളം അനുഭാവം പ്രകടിപ്പിക്കുന്നുവോ അത്രയും അത് ഇന്ത്യയുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് നേട്ടമായിത്തീരും.
എഫ്‍ഡിഐയുടെ അനിവാര്യ ആവശ്യകത
എന്നാല്‍, നമ്മുടെ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയില്‍ വിദേശികള്‍ സ്വാധീനം ചെലുത്തുന്നത് നമുക്ക് ഇഷ്ടമാകണമെന്നില്ല. എഫ്‍ഡിഐ പൂര്‍ണമായി നിരാകരിക്കാന്‍ ഇന്ത്യക്ക് കഴിയുകയില്ല എന്ന വസ്‌തുത നാം മനസ്സിലാക്കണം. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന എണ്ണ ആവശ്യം നിറവേറ്റാന്‍ ഏറിയ പങ്കും നാം ഇറക്കുമതി ചെയ്യുകയാണ്. അതിന്‍റെ അര്‍ത്ഥം നമ്മുടെ വിലപ്പെട്ട വിദേശനാണ്യശേഖരത്തില്‍ നിരന്തരമായ കമ്മി അനുഭവപ്പെടുന്നു എന്നാണ്. കയറ്റുമതി പ്രതീക്ഷിച്ചവിധം വേഗതയില്‍ വളരാത്ത സാഹചര്യത്തില്‍ ഇത് പ്രത്യേകിച്ചും ആശങ്കയുളവാക്കുന്നു. കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ നമ്മുടെ വിദേശവ്യാപാര കമ്മി ഉയര്‍ന്നുനില്‍ക്കുന്നു എന്നതാണ് ഫലം. സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഈ കമ്മി ജിഡിപിയുടെ 2-3 ശതമാനം ആയി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഡോളറുകള്‍ ( അല്ലെങ്കില്‍ പ്രധാനമായ മറ്റ് കറന്‍സികള്‍) സമ്പാദിക്കുകയോ ആകര്‍ഷിക്കുകയോ കടം വാങ്ങുകയോ വേണ്ടിവരുന്നു. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക മൂല്യ ശ്രേണിയില്‍ ഉയരത്തിലെത്താന്‍ ഇന്ത്യന്‍ കമ്പനികളെ സഹായിക്കുകയും ചെയ്യുന്ന മേഖലകളില്‍ എഫ്‍ഡിഐയെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എഫ്‍ഡിഐ നമുക്ക് അനിവാര്യമാണെന്നതിന്‍റെ കാരണം ഏറ്റവും മോശമായ നമ്മുടെ ധനക്കമ്മിയാണ്. പലപ്പോഴും( എല്ലാപ്പോഴും അല്ലെങ്കില്‍) ധനക്കമ്മി, വരുമാനക്കമ്മി, മൂലധനക്കമ്മി എന്നീ മൂന്ന് കമ്മികളും നമ്മെ ബാധിക്കാറുണ്ട്. ഏത് രാജ്യത്തും, ഈ മൂന്ന് കമ്മികളും കൈവിട്ട നിലയിലെത്താന്‍ അനുവദിക്കുകയും എഫ്‍ഡിഐയുടെ ഒഴുക്ക് നിലയ്ക്കുകയും ആ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ നിലനില്‍പുതന്നെ പ്രതിസന്ധിയില്‍ ആകാന്‍ എല്ലാ സാധ്യതയുമുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ സ്വഭാവം ഏറേയും സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്ന ഒരു ഉപഭോക്തൃരാഷ്ട്രത്തിന്‍റേതാണ്. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ കയറ്റുമതിയില്‍ അസംസ്കൃത വസ്യുക്കള്‍, ഭാഗികമായി പണി പൂര്‍ത്തീകരിച്ച ഉല്‍പന്നങ്ങള്‍ അല്ലെങ്കില്‍ വിലകുറവായ സേവനങ്ങള്‍ എന്നിവയായിരിക്കും. ഇത്തരം ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ പ്രശ്നം അവയ്ക്ക് ലാഭം കുറവായിരിക്കുമെന്നതും ആഗോളവിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അവയുടെ ഡിമാന്‍ഡ് വ്യത്യാസപ്പെടാമെന്നതുമാണ്. നേരേമറിച്ച് ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന മൂല്യവും ഗുണമേന്മയുമുള്ള ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുനന്തിനാല്‍ വിപണിയിലെ ഹ്രസ്വകാല വ്യതിയാനങ്ങള്‍ അവരെ ബാധിക്കുന്നില്ല. എന്തുകൊണ്ട് എഫ്ഡിഐ ആവശ്യമുണ്ട് എന്നതിന് മറ്റൊരു കാരണവുംകൂടി ചൂണ്ടിക്കാട്ടാനുണ്ട്. ദരിദ്രമായ (അല്ലെങ്കില്‍ താരതമ്യേന ദരിദ്രം), വികസനം മന്ദഗതിയിലായ രാജ്യങ്ങള്‍ക്ക് വിദേശത്തുനിന്ന് കൈമാറിക്കിട്ടിയ സാങ്കേതികവിദ്യ വിവേകപൂര്‍വം ഉപയോഗിച്ചും വിദേശമൂലധനം ആകര്‍ഷിച്ചും അവയുടെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. സ്വന്തമായി പുതിയ സാങ്കേതികവിദ്യ വിഅസിപ്പിച്ചെടുക്കാനും അവ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുരൂപപ്പെടുത്താനും ഈ രാജ്യങ്ങള്‍ ഏറെ കാലമെടുക്കും. നേരേമറിച്ച്, ഇറക്കുമതി ചെയ്ത സാങ്കേതികത, വന്‍തോതില്‍ യുവാക്കള്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യപോലുള്ള വലിയ രാജ്യങ്ങള്‍ക്ക് പെട്ടെന്നുതന്നെ ഒരു മികച്ച തുടക്കം സാധ്യമാക്കുന്നു. ശ്രദ്ധയോടും ആസൂത്രണത്തോടും സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുത്തുകയും വിദേശമൂലധനം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് എത്രത്തോളം സമ്പദ്‍വ്യവസ്ഥക്ക് നേട്ടമുണ്ടാക്കാമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ജപ്പാന്‍ ( രണ്ടാം ലോകയുദ്ധനുശേഷം. ചൈന, ദക്ഷിണ കൊറിയ എന്നിവയും മുഴുവന്‍ ദക്ഷിണ-പൂര്‍വ ഏഷ്യയും 1990കളിലും) നല്‍കുന്നത്.
എഫ്‍ഡിഐ-ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വാണിജ്യമന്ത്രാലയത്തിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് ഇന്‍റസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡും (ഡിപിഐഐടി) പുറതിറക്കിയ സ്ഥിതിവിവരക്കണക്കുകളുടെ വിശമായ വിശകലനം സൂചിപ്പിക്കുന്നത് എഫ്ഡിഐയുമായി ബന്ധപ്പെട്ട, നയവിധാതാക്കളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. എഫ്ഡിഐയുമായി ബന്ധപ്പെട്ട കണക്കുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതിനുകാരണം രാജ്യത്തെ സാമ്പത്തികമാന്ദ്യം ആരംഭക്കുന്നതിമുമ്പുതന്നെ ഈ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു എന്നതാണ്. മാന്ദ്യം ഇതിന്‍റെ അനന്തരഫലമാണോ അതോ ഇതാണോ മാന്ദ്യത്തിന്‍റെ പ്രധാനകാരണം എന്നത് വ്യക്തമല്ല. 2016-17 മുതല്‍ എഫ്ഡിഐ ഒഴുക്ക് സതംഭിച്ചിരിക്കുകയാണ്. അത് ഏതാണ്ട് 60-64 ബില്യണ് ഡോളറിന്‍റെ വിതാനത്തില്‍ കൂടുതലുയരാതെ വട്ടമിട്ടുനില്‍ക്കുകയാണ്. എഫ്ഡിഐയുടെ ഈ സ്തംഭനത്തിന് സാധ്യമായ ഒരു കാരണം വിദേശ നിക്ഷേപകര്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വലിയ ഭാഗം (ഇത് 70,000 കോടി രൂപയ്ക്കും ഒരു ലക്ഷം കോടി തൂപയ്ക്കും ഇടയിലാണ്) വീണ്ടും ഇവിടെ നിക്ഷേപിക്കുന്നു എന്നതാകാം. നേരേമറിച്ച്, ചൈനയുടെ കാര്യത്തില്‍ ഇത് 2015-18 കാലയളവില്‍ പ്രതിവര്‍ഷം ഏകദേശം 196 – 128 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു. ഇന്ത്യയിലേക്കുള്ള എഫ്ഡിഐയുടെ വരവിനെ കൂടുതല്‍ പ്രശനസങ്കീര്‍ണമാക്കുന്നത് അവ അധികം ആറ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവയാണ് എന്നതാണ്: മൗറീഷ്യസ്(ഏകദേശം 30-35%), സിങ്കപ്പൂര്‍ (15-20%), ജപ്പാന്‍ (5-10%), നെതര്‍ലാന്‍ഡ്സ് (5-10%), യുകെ(5-7%), യുഎസ്‍എ(5-7%).
എഫ്ഡിഐയുടേയോ എഫ്‍ഐഐയുടേയോ രൂപത്തിലുള്ള വിദേശനിക്ഷേപ വരവ് അഗ്രം തേനില്‍മുക്കിയ വാള്‍പോലെയാണ്. അവ രണ്ട് രൂപത്തിലും പ്രവര്‍ത്തിക്കാം. എഫ്ഡിഐ നേട്ടമാകുന്നത് ഉയര്‍ന്ന സാങ്കേതികവിദ്യ, സാങ്കേതികവിദ്യയുടെ അടിസ്ഥാന സൗകര്യം അല്ലെങ്കില്‍ ആഗോളതലത്തില്‍ ഉപയോഗപ്രദാമായ ബൗദ്ധിക സമ്പത്ത് സൃഷ്ടിക്കാന്‍ അത് പ്രയോജനപ്പെടുത്തുമ്പോഴാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന് ആഗോളതലത്തില്‍ മത്സരശേഷിയുള്ള, ഉയര്‍ന്ന മൂല്യമുള്ള തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സാങ്കേതികവിദ്യാപരവും ജനസംഖ്യാപരവുമായ മാറ്റങ്ങള്‍ കാരണം ലോകം ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ ആഗോള സമ്പദ്‍വ്യവസ്ഥയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ ഇത് ഇന്ത്യക്ക് സഹായകമാകും. നിര്‍ഭാഗ്യവശാല്‍, എഫ്ഡിഐ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ചൂണ്ടിക്കാട്ടുന്നത് ഭൂരിഭാഗം എഫ്ഡിഐയും ചെന്നുചേര്‍ന്നിട്ടുള്ളത് ദീര്‍ഘകാലയളവില്‍ സമ്പദ്‍വ്യവസ്ഥക്ക് നേരിട്ട് മൂല്യം വര്‍ദ്ധിപ്പിക്കാനുതകാത്ത മേഖലകളിലാണ്. വിശദാംശങ്ങള്‍ അപര്യാപ്തമാണെങ്കിലും ഒരു വിശകലനം വ്യക്തമാക്കുന്നത് 2000 നുശേഷം എഫ്ഡിഐയുടെ ഭൂരിഭാഗവും സേവനമേഖല (18%), കംപ്യൂട്ടര്‍ സോഫ്റ്റ്‍വെയര്‍-ഹാര്‍ഡ്‍വെയര്‍(7%), നിര്‍മാണം(7%), ടെലികമ്യൂണിക്കേഷന്‍(7%), ഓട്ടോമൊബൈല്‍ വ്യവസായം(5%), ഫാര്‍മ(4.43%), വ്യാപാരം(4.23%), രാസവസ്തുക്കള്‍(4%), വൈദ്യുതി(3.49%), ലോഹസംസ്കരണ വ്യവസായം(3.11%), ഹോട്ടലും വിനോദസഞ്ചാരവും(3.06%) എന്നിങ്ങനെയാണ്. സേവനമേഖലയില്‍ത്തന്നെ എഫ്ഡിഐ മുഖ്യമായും പ്രവേശിച്ചിട്ടുള്ളത് പുറംപണി കരാര്‍, സാമ്പത്തിക സേവനങ്ങള്‍, കൊറിയര്‍ എന്നിവയിലാണ്., വല്ലപ്പോഴും മാത്രം ഗവേഷണ-വികസന മേഖലയിലും അത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം അര്‍ത്ഥം ദീര്‍ഘകാലയളവില്‍ ആഗോള സമ്പദ്‍വ്യവസ്ഥയില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനുതകാത്ത മേഖലകളിലാണ് ഇന്ത്യ എഫ്ഡിഐയെ ആകര്‍ഷിക്കുന്നത് എന്നതാണ്. പകരം, അത് വിശാലമായ ഇന്ത്യന്‍ വിപണിയെ ചൂഷണം ചെയ്യാനാണ് വ്യഗ്രത കാണിക്കുന്നത്.
മുന്നിലുള്ളപാത
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എഫ്ഡിഐയോടുള്ള അതിന്‍റെ നയം അടിയന്തിരമായി പുനരാവിഷ്കരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടേയും ആഗോള സമ്പദ്‍വ്യ്വസ്ഥകളുടേയും ആരോഗ്യം പുതിയ നിക്ഷേപങ്ങള്‍ ഒന്നിനേയും തള്ളിപ്പറയാനുള്ള ശക്തി ഇന്ത്യക്ക് നല്‍കുന്നില്ല. എന്നാലും ഏതെല്ലാം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇ-കോമേഴ്സ്, കൊറിയര്‍ സ്ഥാപനങ്ങള്‍, വ്യാപാരം, നിര്‍മാണം, ഹോട്ടല്‍ മേഖല അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപഭോക്തൃ-ഉന്മുഖ വ്യവസായം എന്നിവയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയോ നികുതി ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യുന്നതില്‍ നമുക്ക് കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ല. ഇത്തരം മേഖലകളില്‍ വന്നെത്തുന്ന വിദേശനിക്ഷേപകര്‍ പൊതുവായ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെങ്കിലും സാങ്കേതികവിദ്യയുടേയോ കയറ്റുമതി വരുമാനത്തിന്‍റേയോ കാര്യത്തില്‍ രാജ്യത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. ആഭ്യന്തര ഉപഭോഗം ലക്ഷ്യമാക്കിയുള്ള അത്തരം മേഖലകളില്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നതുകൊണ്ടുള്ള ദീര്‍ഘകാല ചെലവ് ആഗോളവിപണിയിലെ മത്സരം നേരിടാന്‍ പര്യാപ്തമായ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനവുപോലുള്ള ചെറിയ നേട്ടങ്ങളേ നല്‍കുന്നുള്ളു. എഫ്ഡിഐക്ക് ഇന്ത്യ നല്‍കുന്ന ആനുകൂല്യങ്ങളുടെ സ്വഭാവം ആര്‍സിഇപിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണ്. കുറഞ്ഞ കൂലിയില്‍ ഇവിടെ തൊഴിലാലികളെ ലഭിക്കുന്ന കാരണത്താല്‍ വന്നെത്തുന്ന, കുറഞ്ഞ ആദായം നല്‍കുന്ന ബിസിനസുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ല. വിപണി മൂല്യമുള്ള പ്രത്യേക ഉല്‍പന്നങ്ങളില്‍ കേന്ദ്രീകരിക്കുന്ന മേഖലകള്‍ക്കാണ് ഭൂവില നിരക്കില്‍ ഇളവുകളും മറ്റും നല്‍കേണ്ടത്. 1997-ലെ പ്രതിസന്ധിക്കുശേഷം ദക്ഷിണ കൊറിയ സമ്പദ്‍വ്യവസ്ഥയില്‍ വരുത്തിയ നവീകരണവും വിദേശ നിക്ഷേപങ്ങള്‍ക്ക് അവര്‍ നല്‍കുന്ന തരം ആനുകൂല്യങ്ങളും ഇവിടെ സര്‍ക്കാരിന് മാതൃകയാകേണ്ടതാകുന്നു. കൂടുതല്‍ തൊഴിലവസര നഷ്ടങ്ങളുണ്ടാക്കുകയോ ജീവിതോപാധികള്‍ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴും ദീര്‍ഘകാലയളവില്‍ സമ്പദ്‍വ്യവസ്ഥക്ക് കാര്യമായ മൂല്യവര്‍ദ്ധനവ് നല്‍കാത്ത (കാര്‍ഷിക മേഖലപോലെ) മേഖലകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. വാസ്തവത്തില്‍ 100% ഉദാരവ്യവസ്ഥകളോടുകൂടി, ഉന്നത-സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകളെയാണ് നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. അതുപോലെതന്നെ ട്രാന്‍സ്ഫര്‍ പ്രൈസിംഗ് സംബന്ധിച്ച വ്യവസ്ഥകള്‍ ലഘൂകരിക്കാനും സര്‍ക്കാര്‍ തയാറാവണം.