ന്യൂഡൽഹി: ഗുജറാത്തിൽ ആരോഗ്യ പരിരക്ഷാ സംവിധാനമില്ലെന്നും പകരം രോഗാവസ്ഥ സംവിധാനമാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം13000വും മരണം 820ഉം കടന്ന സാഹചര്യത്തിലായിരുന്നു സിംഗ്‌വിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സംസ്ഥാനത്തിലെ ആരോഗ്യ മേഖലയിലെ അപര്യാപ്‌തത ജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും കൊവിഡ് സാഹചര്യം വളരെ മോശമായ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സംസ്ഥാനത്തിലെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകാൻ കഴിയാത്ത നേതാക്കൻന്മാർ എങ്ങനെയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്തിലെ ആരോഗ്യ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് അറിയില്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിമർശനവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കടുത്ത വിമർശനങ്ങളാണ് മനു അഭിഷേക് സിംഗ്‌വി ഉന്നയിച്ചത്.