ന്യൂഡൽഹി: കൊവിഡ് 19 വാക്‌സിൻ ട്രയൽ ഫലങ്ങൾ ഓഗസ്റ്റ് 15നകം പുറത്തിറക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ഭാരത് ബയോടെക് നേടിക്കഴിഞ്ഞു. ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്‌സിനെന്ന നിലക്ക് സർക്കാർ നിരീക്ഷിക്കുന്ന മുൻഗണനാ പദ്ധതികളിൽ ഒന്നാണിത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിൽ നടത്താൻ ഭാരത് ബയോടെകിനോട് ഐസിഎംആർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ പുറത്തിറക്കുന്നതിന് ക്ലിനിക്കൽ ട്രയലിന്‍റെ തുടക്കവുമായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും വേഗത്തിൽ ചെയ്യാനും ഭാരത് ബയോടെക്കിന് നിർദേശുമുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ നിന്ന് ഭാരത് ബയോടെക്കിന് കത്തയച്ചു. ഓഗസ്റ്റ് 15 നകം ഫലങ്ങൾ പുറത്തിറക്കാനായി ട്രയൽ വേഗത്തിലാക്കുകയാണ് കത്തിന്‍റെ ഉദ്ദേശമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഈ പദ്ധതിയെ ഏറ്റവും മുൻഗണനയോടെ പരിഗണിക്കണമെന്നും തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ ഒരു വീഴ്‌ചയും കൂടാതെ പാലിക്കണമെന്നും കത്തിൽ പറയുന്നു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ആറ് ലക്ഷം കടന്നു. 19,148 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്.