ന്യൂഡല്‍ഹി: കൊവിഡ് 19 രോഗ ബാധയെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് പുറപ്പെടും. എട്ട് മണിയോടെ ഡല്‍ഹിയിലെ ഹിൻഡൻ വിമാനത്താവളത്തില്‍ നിന്നാണ് സി 17 ഗ്ലോബ് മാസ്റ്റർ വിമാനം പോകുന്നത്. സി 17 വിമാനത്തിന്‍റെ രണ്ടാമത്തെ യജ്ഞമാണിത്. ഫെബ്രുവരി 27ന് 76 ഇന്ത്യക്കാരെയും 36 വിദേശ പൗരന്മാരെയും ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം തിരിച്ചുകൊണ്ടുവന്നിരുന്നു. പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതിനായി വിമാനം ചൈനയിലേക്ക് മെഡിക്കൽ സാധനങ്ങളും എത്തിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമാണ് സി -17 ഗ്ലോബ് മാസ്റ്റർ.
കൊവിഡ് 19 രോഗ ബാധ ഏറെ സങ്കീർണമായി കൊണ്ടിരിക്കുന്ന ഇറാനില്‍ ഏകദേശം 2000ത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. 237 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. പോസ്റ്റീവായ കേസുകളുടെ എണ്ണം 7000 ആണ്.
മൂന്ന് ദിവസം മുമ്പ് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് മഹാൻ എയർലൈനിലൂടെ 300 ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിരുന്നു. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനുമായി ഇറാനിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും ലോജിസ്റ്റിക് പ്രശ്നങ്ങൾ കാരണം പദ്ധതി ഉപേക്ഷിച്ചു.
ഇന്ത്യയില്‍ ഇതുവരെ 43 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള നോവൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 100 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 110,000 ആയി. 3,800 ലധികം പേർ മരിച്ചു.