ഷിംല: മേഖലയിലെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ലാഹോൾ-സ്‌പിതിയിൽ ഇലക്ട്രിക് ബസുകൾ ഓടിക്കാൻ ഒരുങ്ങുന്നു. കുളു ഡിപ്പോയിൽ നിന്ന് മണാലിയിലെ കീലോങ്ങിലേക്കുള്ള ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടവും എച്ച്ആർടിസി നടത്തി.
പരീക്ഷണ ഓട്ടം വിജയകരമായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങളറിയിച്ചു. ഇലക്ട്രിക് ബസുകൾ പ്രവർത്തിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബസ് ഡിപ്പോയാണ് എച്ച്ആർടിസിയുടെ കുളു ഡിപ്പോ. അടൽ തുരങ്കം തുറക്കുന്നതോടെ ഈ ബസുകളുടെ സേവനം പ്രദേശത്തെ ജനങ്ങൾക്കും ഉപയോഗിക്കാനാകും. ചെലവ് കുറയ്ക്കുന്നതിനുവേണ്ടിയാണ് എച്ച്ആർടിസി മാനേജ്മെന്‍റ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് ബസുകൾക്കുള്ള ചാർജിങിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഗതാഗതത്തിനായി ഇലക്ട്രിക് ബസുകളുടെ ഉപയോഗം പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.