ബെംഗളൂരു: മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും പുനരാരംഭിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്തെ ടൂറിസം പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ടൂറിസം, ഗതാഗതം ,ഓഹരി മേഖലകളിലെ വിദഗ്‌ധരുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തി. സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ഹോട്ടല്‍ അസോസിയേഷനുകളും ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍,ഹോട്ടലുകള്‍ ,റെസ്റ്റോറന്‍റുകള്‍ മറ്റ് സര്‍വീസുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബസ്,ഹോട്ടല്‍,ടാക്‌സി ഉടമകള്‍ യോഗത്തിനിടെ മുഖ്യമന്ത്രിയോട് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഇതിനനുസരിച്ച് തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ തുറക്കുന്നതിനായും,ഗസ്റ്റ് ഹൗസുകള്‍,ടൂറിസം സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും മുഖ്യമന്ത്രി പുറത്തിറക്കിയിട്ടുണ്ട്. ഉപ മുഖ്യമന്ത്രി ലക്ഷ്‌മണ്‍ സാവേദി,ടൂറിസം മന്ത്രി സി ടി രവി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.