ഹൈദരാബാദ്: തെലങ്കാനയില്‍ ഗര്‍ഭിണിയായ മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. ജോഗുലമ്പ ഗഡ്‌വാള്‍ ജില്ലയിലാണ് ദുരഭിമാനക്കൊലയുടെ പേരില്‍ മാതാപിതാക്കള്‍ അറസ്റ്റിലായത്. 20 വയസുകാരിയായ മകള്‍ ദിവ്യയെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. കുര്‍നൂല്‍ ജില്ലയിലെ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ദിവ്യ. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി ദിവ്യ പ്രണയത്തിലായിരുന്നു. ലോക്ക് ഡൗണിനു മുന്‍പ് വീട്ടിലെത്തിയ ദിവ്യയെ സംശയം തോന്നിയ മാതാപിതാക്കള്‍ ശനിയാഴ്‌ച കുന്‍നൂലില്‍ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടു പോയിരുന്നു. പരിശോധനയില്‍ ദിവ്യ ഗര്‍ഭിണിയാണെന്ന് മനസിലായതോടെ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവതി ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുകയും യുവാവിനെ വിവാഹം കഴിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ അന്യജാതിയില്‍പ്പെട്ട ഒരാളുമായുള്ള പ്രണയവും ഗര്‍ഭധാരണവും കുടുംബത്തിന് അപമാനകരമാവുമെന്ന് കരുതിയാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. ഞായാറാഴ്‌ച രാവിലെ ദിവ്യ ഉറങ്ങിക്കിടക്കുമ്പോള്‍ തലയണവെച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മകളുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചു. മറ്റ് രണ്ട് പെണ്‍മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടാണ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുക്കുകയും പ്രതികളെ ജുഡീഷ്യല്‍ റിമാന്‍ഡിലയക്കുകയും ചെയ്‌തു.