ന്യൂഡൽഹി: ദേശീയ ഗോത്ര ഉത്സവമായ 'ആദി മഹോത്സവ്' ശനിയാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര ഗോത്രവർഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഗോത്രവർഗ ക്ഷേമ വകുപ്പ് മന്ത്രി രേണുക സിങ് സരുത വിശിഷ്‌ടാതിഥി ആയിരുന്നു. 15 ദിവസം നീളുന്ന ഉത്സവം നവംബർ 30 ന് സമാപിക്കും. ഗോത്ര ശിൽപങ്ങൾ, സംസ്‌കാരം, വാണിജ്യം എന്നിവയുടെ ആഘോഷമാണ് ആദിമഹോത്സവത്തിന്‍റെ ഉദ്ദേശം. 200 സ്റ്റാളുകളിലായി വിവിധയിനം ആഭരണങ്ങൾ, ഗോത്ര കരകൗശല വസ്‌തുക്കൾ, ചിത്രങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. 27 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിൽപരം കലാകാരന്മാരാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും, പ്രദർശനങ്ങളും സമ്പന്നമായ ഗോത്ര സാംസ്‌കാരം പ്രദർശിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോത്ര വർഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുകയും ഒരു സഹോദരനെപ്പോലെ അവർക്ക് പിന്നിൽ താങ്ങായി നിൽക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ശേഷമാണ് ഗോത്രകാര്യ മന്ത്രാലയം നിലവിൽ വന്നതെന്നും സൗജന്യ വീടുകൾ, പാചക വാതക വിതരണം, വൈദ്യുതി കണക്ഷൻ എന്നിവയ്ക്കുള്ള മോദി സർക്കാരിന്‍റെ ക്ഷേമപദ്ധതികളിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഗോത്രവർഗക്കാരാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തരം വേദികളിലൂടെ ഗ്രാമീണ മേഖലയിലെ വനിതാ കരകൗശല തൊഴിലാളികൾക്ക് മുന്നേറാൻ അവസരം ഉണ്ടാവുകയാണെന്ന് കേന്ദ്ര ഗോത്രവർഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട ഇടിവി ഭാരതിനോട് പറഞ്ഞു.