ന്യൂഡല്‍ഹി: കൊവിഡ് 19 റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തെ അറിയിക്കുന്നത് വൈകിപ്പിക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ പല സംസ്ഥാനങ്ങളും കൊവിഡ് 19 സ്ഥിരീകരണ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കിയിരുന്നില്ല. ഇപ്പോഴാണ് കൃത്യമായ കണക്കുകള്‍ സംസ്ഥാനങ്ങള്‍ നോക്കുന്നത്. അതിനാലാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് തിങ്കളാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 3900 കൊവിഡ് പോസിറ്റീവ് കേസുകളാണ്. 195 പേര്‍ മരിച്ചു. കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലും കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിലും സംസ്ഥാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 46,433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12, 726 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ 1020 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും അഗര്‍വാള്‍ വ്യക്തമാക്കി. മരിച്ചവരുടെ എണ്ണം 15,60 ആയി.
രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോഗവ്യാപനം വലിയ തോതില്‍ കുറച്ചു. ഓരോ കൊവിഡ് ബാധിതന്‍റേയും റൂട്ട് മാപ്പ് തയ്യാറാക്കുകയെന്നത് പ്രധാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാഹ ചടങ്ങുകളില്‍ അമ്പത് പേരില്‍ അധികവും മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ അധികം ആളുകളും പങ്കെടുക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട നിര്‍ദേശത്തില്‍ പറഞ്ഞു. പൊതുയിടത്തില്‍ തുപ്പുന്നത് നിരോധിച്ചു. ജോലിസ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൈകള്‍ ഇടക്കിടക്ക് കഴുകണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു.