ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ 'നിർണായക യുദ്ധം' ചെയ്യാനാണ് രാജ്യ തലസ്ഥാനത്ത് എത്തിയതെന്ന് കർഷക പ്രതിനിധി. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് സിങ്കു അതിർത്തിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർഷകർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രേ മോദി തങ്ങളുടെ 'മൻ കി ബാത്ത്' കേൾക്കണം. തങ്ങളുടെ ആവശ്യങ്ങൾ വിലപേശാൻ കഴിയാത്തതാണ്. ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ഭരണപക്ഷം കനത്ത വില കൊടുക്കേണ്ടി വരുമെന്നും കർഷക പ്രതിനിധി പറഞ്ഞു.
പ്രതിഷേധത്തിനെത്തിയ കർഷകർക്കെതിരെ ഇതുവരെ 31 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും കർഷകനായ ഗുർനം സിംഗ് ചാദുനി പറഞ്ഞു. കർഷക പ്രതിഷേധം ബുരാരിയിലേക്ക് മാറ്റിയാൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം 30ഓളം കാർഷിക സംഘടനകൾ നിരസിക്കുകയായിരുന്നു.