ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കേസുകളിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാൽപതിലധികം വനിതാ അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കും കൊളീജിയം ജഡ്ജിമാർക്കും കത്ത് നൽകി.
കേസിലെ വസ്‌തുതകളും തെളിവുകളും കൈകാര്യം ചെയ്തതിൽ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ ഓഫീസർമാർ എന്നിവർക്കെതിരെ അടിയന്തര അന്വേഷണവും നടപടിയും അഭിഭാഷകർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പൊലീസിന്‍റെ നടപടി കണക്കിലെടുക്കേണ്ടതുണ്ട്. പെണ്‍കുട്ടിയുടെ മൗലികവും മനുഷികവുമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടിയിരുന്നു. ഈ അവസ്ഥ ഇനി മറ്റൊരു കുടുംബത്തിനും സംഭവിക്കരുത് അതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് തഹ്‌സീൻ പൂനവാലയും ദില്ലി വനിതാ കമ്മീഷനും ഇന്നലെ കത്തെഴുതിയിരുന്നു. സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ഒരു പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 14 ആണ് ഉത്തർപ്രദേശിലെ ഹത്രാസിൽ 19 കാരിയായ ദലിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. പെൺകുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും കഴിഞ്ഞ ചൊവ്വാഴ്‌ച മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ സംസ്കാരം തിരക്കിട്ട് നടത്തിയതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.