ചണ്ഡിഗഡ്: അയൽസംസ്ഥാനമായ രാജസ്ഥാനിൽ വെട്ടുകിളി ശല്യം രൂക്ഷമായതോടെ അതീവ ജാഗ്രതയിൽ ഹരിയാനയും. രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കാർഷിക വിളകൾക്ക് ഭീഷണിയാകുന്ന തരത്തിൽ വെട്ടുകിളി ആക്രമണമുണ്ടായതിനെ തുടർന്നാണ് ഹരിയാനയിലെ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സിർസ, ഫത്തേഹാബാദ്, ഹിസാർ, ഭിവാനി, ചാർക്കി ദാദ്രി, മഹേന്ദ്രഗഡ്, രേവാരി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ വെട്ടുകിളികളെ നേരിടാനായി ആവശ്യമായ കീടനാശിനികളും പ്രതിരോധ നടപടികളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അയൽസംസ്ഥാനങ്ങളിൽ കാർഷിക വിളകൾക്ക് വിനാശം വിതച്ച വെട്ടുകിളികളുടെ ആക്രമണം, 26 വർഷത്തിനിടെ നേരിയുന്ന കാർഷിക മേഖലയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൂടിയാണ്. ഹരിയാനയിലേക്ക് ഇവ കടന്നിട്ടില്ലെങ്കിലും കർഷരും അധികൃതരും കടുത്ത ജാഗ്രതയിലാണ്. വെട്ടുകിളികളുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാൻ ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഗ്രൂപ്പുകൾ രൂപീകരിച്ചതായും കർഷകക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജീവ് കൗശൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവക്കുന്നതിന് കർഷകരെ ഉൾക്കൊള്ളിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. കൂടാതെ, റാബി വിളകളായ ഗോതമ്പ്, പയറുവർഗങ്ങൾ എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ വെട്ടുകിളികളെ നേരിടാനായി ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ പഠനഫലങ്ങളും പ്രായോഗികതയും ഹരിയാനയുമായി പങ്കുവക്കാൻ രാജസ്ഥാനോട് ആവശ്യപ്പെട്ടതായും സഞ്ജീവ് കൗശൽ പറഞ്ഞു.
രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ല വരെ വെട്ടുകിളിക്കൂട്ടം എത്തിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കൊടുങ്കാറ്റിന്‍റെ വേഗതയിൽ പ്രാണികൾക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജോധ്പൂരിർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കസ്റ്റ് വാർണിംഗ് അറിയിച്ചു. അതിനാൽ, തന്നെ വെട്ടുകിളികൾ ഹരിയാനയിൽ നിന്നും അകന്നുപോയി എന്നതും ആശ്വാസകരമാണ്. എന്നിരുന്നാലും പ്രാണികളുടെ ആക്രമണം ഏതു സമയത്തും ഉണ്ടായേക്കാമെന്ന കരുതലിലാണ് അധികൃതരും കർഷകരും.