ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ആറ് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. അബോധാവസ്ഥയിലായ കുടുംബത്തിലെ മറ്റ് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണുപ്പ് അകറ്റാൻ കല്‍ക്കരി കത്തിച്ച് മുറിയില്‍ സൂക്ഷിച്ചതിനെ തുടർന്ന് ശ്വാസം തടസമുണ്ടായാണ് ഇവർ അബോധാവസ്ഥയിലായതെന്ന് പൊലീസ് പറഞ്ഞു.
സാഹിബാബാദിലെ അർത്ല പ്രദേശത്തെ സഞ്ജയ് കോളനയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സംഭവത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭക്ഷ്യവിഷബാധയാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമായായ ബല്‍റാം വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് ഭാര്യ രേണു(32), പെൺമക്കളായ സോണി (13), മോനി (11), മനീഷ് (9), മകൻ അൻമോല്‍ എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാകേഷ് മിശ്ര പറഞ്ഞു.
അഞ്ചുപേരെയും ഡല്‍ഹിയിലെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അൻമോല്‍ മരിച്ചു. മനീഷയെ ഡിസ്ചാർജ് ചെയ്തതായും മൂന്ന് പെൺകുട്ടികൾ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.