ഗുരുഗ്രാം: തൊപ്പി വച്ചതിന്‍റെ പേരിൽ ഗുരുഗ്രാമിൽ മുസ്ലിം യുവാവിനെ ആക്രമിച്ച കേസ് സാദാ ക്രിമിനൽ സംഭവമാണെന്നും ഇതിന് മതവുമായി ബന്ധമില്ലെന്നും പൊലീസ്. ജയ് ഭാരത് മാതാ, ജയ് ശ്രീറാം എന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ അക്രമികള്‍ പറഞ്ഞിട്ടില്ല. സംഭവത്തിൽ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും ഒരു ആക്രമണക്കേസായേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും ഗുരുഗ്രാം കമ്മീഷണർ മുഹമ്മദ് അകിൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട യുവാവ് മുഹമ്മദ് ബര്‍ക്കത്തിന്‍റെ മൊഴിക്ക് വിരുദ്ധമാണ് പൊലീസ് ഭാഷ്യം. മെയ് 25ന് സദർ ബസാർ പ്രദേശത്തെ പളളിയിൽ നിന്നും വരുന്ന വഴി, അഞ്ചോ ആറോ പേരടങ്ങുന്ന സംഘം ജയ് ശ്രീറാം എന്നും ഭാരത് മാതാ കി ജയ് എന്നും പറയാൻ ആവശ്യപ്പെടുകയും മുസ്ലിങ്ങള്‍ ധരിക്കുന്ന തൊപ്പി പ്രദേശത്ത് നിരോധിച്ചതാണെന്ന് പറഞ്ഞ് മർദ്ദിക്കുകയുമായിരുന്നു എന്നാണ് യുവാവിന്‍റെ മൊഴി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ യുവാവിന്‍റെ തൊപ്പി അഴിമാറ്റന്നതായും മറ്റൊരാൾ യുവാവിന് നേരെ എന്തോ എറിയുന്നതായും കാണാം. ദൃശ്യങ്ങളിലുളളവരെ തിരിച്ചറിയാനുളള ശ്രമത്തിലാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.