ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പ്ലാസ്‌മ ട്രാൻഫ്യൂഷന്‍ നടത്താൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. വൈറസിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചവരുടെ രക്തത്തിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്‌മ ട്രാൻഫ്യൂഷന്‍ നടത്തുന്നത് വഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും.
രോഗികളിൽ വൈറസിനെതിരെ ആന്‍റിബോഡി നിർമിക്കാൻ പ്ലാസ്‌മക്ക് സാധിക്കും. ഇതിൽ അംഗീകാരം ലഭിക്കുന്നതിനായി അഹമ്മദാബാദ് സിവിൽ ആശുപത്രിയും എസ്‌വിപി ആശുപത്രിയും ചേർന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, രോഗമുക്തി നേടിയവരിൽ നിന്നും പ്ലാസ്‌മ ശേഖരിക്കുന്നതിനുള്ള അനുമതി നേടിയതായും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.
വെന്‍റിലേറ്ററിൽ കഴിയുന്ന വൈറസ് ബാധിതരെ ട്രാൻഫ്യൂഷന്‍ വഴി സുഖപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.