ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം ചർച്ച ചെയ്യുന്നതിനായി ജിഎസ്‌ടി കൗൺസിൽ ഇന്ന് യോഗം ചേരും. ജിഎസ്‌ടി നിരക്കുകളിലും സെസ് ഘടനയിലും മാറ്റങ്ങൾ വരുത്തിയാൽ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിനുള്ള സമയക്രമം എങ്ങനെ മാറും എന്നത് യോഗത്തിൽ ചർച്ചയാകും. ജൂണിൽ നടന്ന ജിഎസ്‌ടി യോഗത്തിന് ശേഷം ജൂലായിൽ യോഗം വിളിക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചിരുന്നു.
കൊവിഡ് സാഹചര്യത്തിലെ ലോക്ക് ഡൗണും സാമ്പത്തിക പ്രവർത്തനങ്ങളിലെ തടസങ്ങളും മൂലം ജിഎസ്‌ടി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ മുന്നിലുള്ള ഒരു മാർഗം. കേന്ദ്ര സർക്കാരിന്‍റെ വായ്‌പയുടെ ഒരു ഭാഗമായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. മാർച്ച് മുതലുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത്. മാർച്ചിലെ നഷ്‌ടപരിഹാരം ജൂലൈ മാസത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത്.
എന്നാൽ ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകേണ്ട ബാധ്യത കേന്ദ്ര സർക്കാരിന് ഇല്ലെന്നും ജിഎസ്‌ടി കൗൺസിലിനാണ് ഇതിൽ തീരുമാനം എടുക്കാനാകുകയെന്നും വിഷയത്തിൽ അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. നഷ്ടപരിഹാര ഫണ്ടിൽ നിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ അനുവദിക്കാൻ ജിഎസ്‌ടി കൗൺസിലിന് കേന്ദ്രത്തിനോട് ശുപാർശ ചെയ്യാമെന്നും എജി അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 293 (3) പ്രകാരം കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാനാകും.
2017ൽ നിലവിൽ വന്ന ജിഎസ്‌ടി നിയമപ്രകാരം ആദ്യത്തെ അഞ്ച് വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാനനഷ്‌ടത്തിൽ പൂർണ നഷ്ടപരിഹാരം ഉറപ്പുനൽകുന്നുണ്ട്. സർക്കാരിന് ലഭിച്ച വരുമാനവും സർക്കാർ പ്രതീക്ഷിച്ച വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് നഷ്‌ടപരിഹാരം. 2015-16 വർഷത്തിലെ സർക്കാർ വരുമാനത്തിന്‍റെ 14 ശതമാനമാണ് പ്രൊജക്‌ടെഡ് റവന്യൂ അഥവാ പ്രതിക്ഷിക്കുന്ന വരുമാനം.
2020 ഏപ്രിലിൽ ജിഎസ്‌ടി വരുമാനം വളരെ കുറവാണെന്നും സംസ്ഥാനങ്ങളിലെ പ്രതിമാസ ജിഎസ്‌ടിയിലും 80-90 ശതമാനം വരെ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ ജിഎസ്‌ടിയായി ലഭിച്ചത് 3,500 കോടിയാണെങ്കിൽ ഈ വർഷം 300 കോടിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ മൂലം കടുത്ത വരുമാന നഷ്‌ടമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.