പട്ന: ഗല്‍വാൻ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടില്‍ 20 സൈനികരുടെ ജീവനാണ് രാജ്യം നഷ്‌ടമായത്. ധീര ജവാന്‍മാരുടെ ജീവത്യാഗത്തില്‍ രാജ്യം ഒന്നായി വിലപിക്കുമ്പോള്‍ ബിഹാറിനുണ്ടായ നഷ്‌ടത്തിന്‍റെ അളവ് വലുതാണ്. സംസ്ഥാനത്തുനിന്നുള്ള അഞ്ച് സൈനികരാണ് ഗല്‍വാനില്‍ ജീവന്‍ വെടിഞ്ഞത്. രാജ്യത്തിന് വേണ്ടിയ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ രാഷ്‌ട്രീയ വൈര്യം മറന്ന് എല്ലാ നേതാക്കന്‍മാരും വിമാനത്താവളത്തിലെത്തിയിരുന്നു. ഉപമുഖ്യമന്ത്രി സുശീഷ് കുമാര്‍ മോദി, പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാഥവ് എന്നിവര്‍ ചേര്‍ന്നാണ് സൈന്യത്തിന്‍റെ പ്രത്യേക വിമാനത്തിലെത്തിയ ഹവീര്‍ദാര്‍ സുനില്‍ കുമാറിന്‍റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തില്‍ നിന്നും സുനില്‍ കുമാറിന്‍റെ വീട്ടിലേക്കുള്ള 30 കിലോമീറ്റര്‍ വഴിയുടെ അരികില്‍ തങ്ങളുടെ ധീരജവാന്‍മാരെ കാണാന്‍ പുഷ്‌പമാലകളുമായി നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്നു. പൊട്ടക്കരഞ്ഞുകൊണ്ട് സുനില്‍ കുമാറിന്‍റെ ഭാര്യയും മക്കളും മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ നാടൊന്നാകെ വിതുമ്പി. വിലാപയാത്രയില്‍ എംപി രാം കൃപാല്‍ യാഥവും പങ്കെടുത്തു. സുനില്‍ കുമാറിന്‍റെ ജീവത്യാഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതിനാല്‍ നിതീഷ് കുമാറിന് വിമാനത്താവളത്തിലെത്താനോ, മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.
വൈശാലി ജില്ലയിലെ ചക്‌ഫത്താ സ്വദേശിയായ ജയ് കിഷോര്‍ സിങ്ങിന്‍റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത് അമ്മയായിരുന്നു. രണ്ട് വര്‍ഷം മുമ്പാൻ് ജയ് കിഷോര്‍ സൈന്യത്തിന്‍റെ ഭാഗമായത്. വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് ജയ് കിഷോറിന്‍റെ മരണം. ജയ് കിഷോറിന്‍റെ ജേഷ്‌ഠനും സൈനികനാണ്. ജേഷ്‌ഠനെ കണ്ടാണ് ജയ് കിഷോറും സൈന്യത്തില്‍ ചേര്‍ന്നതെന്നും, മകനെ നഷ്‌ടപ്പെട്ടതിലുള്ള വേദനയുണ്ടെങ്കിലും രാജ്യത്തിന് വേണ്ടി ജീവൻ നഷ്‌ടപ്പെടുത്തിയ തന്‍റെ മകനെ എല്ലാവരും എക്കാലവും ഓര്‍ക്കുമെന്നതില്‍ ആശ്വാസമുണ്ടെന്നും അച്ഛൻ രാജ് കിഷോര്‍ സിങ് പറഞ്ഞു. സമാന കാഴ്‌ചകളായിരുന്നു വീരമൃത്യു വരിച്ച കുന്ദൻ കുമാറിന്‍റെ വീട്ടിലും. അമ്മ നിമിന്ദ്ര യാദവും, ഭാര്യയുെട ചേര്‍ന്നാണ് കുന്ദൻ കുമാറിന്‍റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. എട്ട്, നാലും വയസുള്ള രണ്ട് കുട്ടികളുടെ അച്ഛനായ കുന്ദൻ കുമാര്‍ 2012ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ആര്‍ജെഡി നേതാവ് തേജസ്വിനി യാദവ് വീഡിയോ കോണ്‍ഫറണ്‍സിലൂടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. കുന്ദൻ കുമാറിന്‍റെ രണ്ട് മക്കളെയും സൈനികരാക്കുമെന്ന് കുന്ദൻ കുമാറിന്‍റെ അച്ഛനും വിരമിച്ച് ഹോം ഗാര്‍ഡുമായ ഹൃദയാനന്ദ് സിങ് പറഞ്ഞു.
ഗല്‍വാനില്‍ തിങ്കളാഴ്‌ച രാത്രി ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികരെയാണ് രാജ്യത്തിന് നഷ്‌ടമായത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും പരിക്കേറ്റ 17 പേര്‍ പിന്നീടുമാണ് ജീവത്യാഗം ചെയ്‌തത്.