ന്യൂഡല്‍ഹി : കൊവിഡ് 19 മൂലം തകര്‍ന്ന രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിന് പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതിയെ സര്‍ക്കാര്‍ വളരെയധികം ആശ്രയിക്കും. മെയ് 5 നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്‍റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും 13 രൂപയുമായി ഉയര്‍ത്തിയത്. ഇതില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏകദേശം 1,75,000 കോടി രൂപ അധിക വരുമാനം ലഭിക്കും. അത് കൂടാതെ ഇന്ധന നികുതി ഇനിയും വര്‍ധിപ്പിച്ച് 50,000 മുതല്‍ 60,000 കോടി രൂപ വരെ സര്‍ക്കാരിന് സമാഹരിക്കാന്‍ കഴിയും. അതിനാൽ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 2,25,000 കോടി രൂപ അധിക വരുമാനമായി ഉയർന്നു. കൂടാതെ 2,15,000 രൂപയും പെട്രോളിയം മേഖലയിൽ നിന്നുള്ള എക്സൈസ് വരുമാനമായി ഇതിനകം ഒരു വർഷത്തിൽ ലഭിക്കുന്നു.
ഇതിനുപുറമെ 'മെയ്‌ക്ക് ഇൻ ഇന്ത്യ', 'മെയ്‌ഡ് ഇൻ ഇന്ത്യ' സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതത്തിനായി റിസര്‍വ് ബാങ്കിനേയും സമീപിച്ചേക്കാം. കഴിഞ്ഞ വര്‍ഷം 1,76,000 കോടി രൂപ ലാഭവിഹിതം റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നല്‍കിയിരുന്നു. എഫ്‌ആർബിഎം (ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മെന്‍റ്) നിയമപ്രകാരം എസ്‌കേപ്പ് ക്ലോസും നിലനില്‍ക്കുന്നതിനാല്‍ ഒരു വർഷത്തിൽ ജിഡിപിയുടെ 0.5 ശതമാനം ധനക്കമ്മി വർധിപ്പിക്കാനും സർക്കാരിനാകും. 2020 സാമ്പത്തിക വര്‍ഷത്തിന്‍റെ എസ്‌കേപ്പ് ക്ലോസ് ഉപയോഗിച്ചതിനാല്‍ നിലവിലുള്ള ഓര്‍ഡിനന്‍സ് നീക്കി സാമ്പത്തിക വ്യാപ്‌തി വര്‍ധിപ്പിക്കണം. ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലായ തുകയാണ് ധനക്കമ്മി.
അധികച്ചെലവും ധനസഹായവും ആവശ്യമായി വരുന്നതിനാൽ ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്‍റെ വായ്പാ ലക്ഷ്യം ഇതിനകം 50 ശതമാനത്തിലധികമായി ഉയർത്തിയിട്ടുണ്ട്. അത് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ മൊത്ത വിപണി വായ്പ ഇപ്പോൾ നടപ്പ് വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 7.80 ലക്ഷം കോടി രൂപക്ക് പകരം 12 ലക്ഷം കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. മൊത്തം 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ജിഡിപിയുടെ 10 ശതമാനമാണ്. കൊവിഡിനെതിരായ പോരാട്ടത്തിനുള്ള ഈ നിലയിലുള്ള പിന്തുണ നിരവധി സമ്പന്ന രാജ്യങ്ങളിലെ സർക്കാരുകൾ അടുത്തിടെ പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലാണ് .