ന്യൂഡൽഹി: ബിജെപി സർക്കാർ വ്യാഴാഴ്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിന്‍റെ (എൻപിആർ) മറവിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ആണ് അവതരിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ സഹമന്ത്രിയുമായ അജയ് മാക്കൻ ആരോപിച്ചു. 2019ൽ 30 ലക്ഷത്തോളം പേർ എൻപിആറിന്‍റെ പ്രീ-ടെസ്റ്റ് ഫോമുകൾ പൂരിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതിൽ മാതാപിതാക്കളുടെ ജന്മസ്ഥലത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ചിട്ടുമുണ്ട്. ഇത് മാതാപിതാക്കൾ പാകിസ്ഥാനിലോ മറ്റേതെങ്കിലും വിദേശ രാജ്യത്തോ ഉള്ള നിരവധി ആളുകൾക്ക് പ്രശ്‌നമാകാം.
പ്രധാനമായി ആധാർ കാർഡ് നമ്പർ, മൊബൈൽ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ പരാമർശിക്കുക എന്നൊരു വാക്യവും അതിലുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും വിശദാംശങ്ങൾ രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ അയാളെ എൻആർസിയുടെ ഡി-കാറ്റഗറിയിലേക്ക് ചേർക്കുകയാവാം ലക്ഷ്യമെന്നും അജയ് മാക്കൻ പറഞ്ഞു. എൻആർപി എൻആർസിയുടെ ആദ്യപടിയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ട് തന്നെ വന്നു കഴിഞ്ഞതിനാൽ മോദി സർക്കാരിന്‍റെ നുണകൾ പുറത്ത് വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ബിജെപി സർക്കാർ സാധാരണ നിവാസികളെക്കുറിച്ച് ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല, അവർ എൻആർസിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ചില ഭേദഗതികൾ വരുത്തുകയാണെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് എൻപിആറിൽ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും മാക്കൻ കൂട്ടിച്ചേർത്തു.