ചെന്നൈ: ചെന്നൈയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന്‍റെ ആദ്യ ദിവസം തന്നെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് മഹാമാരിയെ തുടർന്ന് പലർക്കും ജോലി നഷ്ടമായതോടെ കുറഞ്ഞ ഫീസ് നിരക്കിലുള്ള സർക്കാർ സ്കൂളുകളെ ആശ്രയിക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായി. സ്കൂളുകളിലെ തിരക്ക് ഒഴിവാക്കാൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. പ്രത്യേക തീയതികളിൽ സാമൂഹിക അകലം പാലിച്ച് രക്ഷിതാക്കൾക്ക് അനുവദിച്ചിട്ടുള്ള ടോക്കണുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ പ്രവേശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. നഗരത്തിലെ മറ്റ് സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
പത്താം ക്ലാസ് പ്രവേശനം
സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് കാരണം നിരവധി രക്ഷിതാക്കളാണ് സർക്കാർ സ്കൂളുകളെ ആശ്രയിച്ചിരിക്കുന്നത്. തിരുവികാ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ നഗരത്തിലെ വിവിധ സ്കൂളുകളിൽ 10-ാക്ലാസ് വിദ്യാർഥികളെ പ്രവേശിപ്പിക്കുവാൻ തീരുമാനമായി. കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ 10-ാം ക്ലാസ് പ്രവേശനം ഇല്ലായിരുന്നു. പ്രവേശനത്തിന് മുൻപായി ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടതായി സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ പ്രവേശനം നേടാനായി ധാരാളം വിദ്യാർഥികൾ സർക്കാർ സ്കൂളുകളെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. പ്രീ-കെജി, എൽകെജി, ഒന്നാം ക്ലാസ് പ്രവേശനത്തിനായി കായിക സൗകര്യങ്ങളുള്ള സ്കൂളുകളെ രക്ഷിതാക്കൾ സമീപിച്ചിട്ടുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആളുകൾ ജന്മനാടുകളിലേക്ക് പോയത് ചില സ്കൂളുകളെ ആശങ്കയിലാക്കി. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുകയും സാധാരണ നില പുനസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ പ്രവേശനങ്ങളുടെ എണ്ണം കൂടുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.