പഞ്ചാബി എഴുത്തുകാരിയും കവിയത്രിയുമായ അമൃത പ്രീതത്തിന് ആദരമർപ്പിച്ച് ഗൂഗിൾ. അമൃത പ്രീതത്തിന്‍റെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കിയത്. കറുത്ത റോസാപുഷ്‌പങ്ങൾക്ക് മുന്നിലിരുന്ന് അമൃത പ്രീതം ഡയറിയിൽ എഴുതുന്നതാണ് ഡൂഡിൽ. അമൃത പ്രീതത്തിന്‍റെ ആത്മകഥയായ കാലാ ഗുലാബ് അഥവാ കറുത്ത പനിനീർ പുഷ്‌പത്തിന്‍റെ പ്രതീകാത്മകമായാണ് കറുത്ത പുഷ്‌പം ചിത്രത്തിൽ ഉൾപ്പെടുത്തിയത്.
ചരിത്രത്തിലെ മുന്‍നിര വനിതാ പഞ്ചാബി എഴുത്തുകാരിൽ ഉൾപ്പെടുന്ന പ്രീതം ജനിച്ചത് ഗുജ്‌രൻവാലയിലാണ്. പതിനാറാം വയസ്സിലാണ് ആദ്യ കൃതി പുറത്തിറക്കുന്നത്. ഇന്ത്യ-പാക് വിഭജനത്തെ അടിസ്ഥാനമാക്കി മനോഹരമായ കവിതകൾ പ്രീതം എഴുതിയിട്ടുണ്ട്. 28 നോവലുകൾ പ്രസിദ്ധീകരിച്ചതിൽ ഏറ്റവും ശ്രദ്ധേയമായത് പിഞ്ജർ എന്ന നോവലാണ്. വിഭജനത്തിന് ശേഷം പാകിസ്ഥാനിലായിരുന്നു പ്രീതം. എന്നാൽ ഹിന്ദി, മറാത്തി, ഉർദു എന്നീ ഭാഷകളിലും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ ആൾ ഇന്ത്യ റേഡിയോയിലും ജോലി ചെയ്തു.1986 ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരതീയ ജ്ഞാൻപീഠ്, പത്മവിഭൂഷണ്‍ എന്നീ പുരസ്കാരങ്ങളും അമൃത പ്രീതത്തിനെ തേടിയെത്തിയിട്ടുണ്ട്.