ലഖ്‌നൗ: സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്‌ത യുവതിക്ക് നീതി ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. സഹോദരിക്കായി ട്വിറ്ററിലൂടെ നീതി തേടുകയാണ് പല്ലവി കൗശല്‍ എന്ന പെൺകുട്ടി. പല്ലവിയുടെ സഹോദരി കിര്‍തി കൗശലിനെ മെയ് മൂന്നിനാണ് ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കേസിലെ പ്രതികളായ വിപിൻ കുമാർ, നീതു, രുദ്രാക്ഷി എന്നിവരെ സാംബൽ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് പല്ലവി ആരോപിച്ചു. സഹോദരിക്ക് നീതി ഉറപ്പാക്കാനായി #justiceforKirti എന്ന ഹാഷ്‌ടാഗിലൂടെയാണ് പല്ലവി പോരാട്ടം നടത്തുന്നത്. അതേസമയം പ്രതികൾ ഒളിവിലാണെന്നും പ്രതികൾക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും സാംബൽ സർക്കിൾ ഓഫീസർ അശോക് കുമാർ സിംഗ് പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.