ജയ്‌പൂര്‍: ജനാധിപത്യത്തിൽ ആദ്യമായാണ് കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ പിഎസ്‌എ ആരോപണങ്ങളിൽ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്യുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ പൊതുസുരക്ഷ നിയമം ചുമത്താനുള്ള സംസ്ഥാനത്തിന്‍റെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച അദ്ദേഹം ജനാധിപത്യത്തിന്‍റെ കൊലപാതകമാണിതെന്നും പറഞ്ഞു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ ചൂഷണം ചെയ്യുകയാണെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കഴിഞ്ഞ ആറുമാസമായി രണ്ടു മുന്‍ മുഖ്യമന്ത്രിമാരും വീട്ടുതടങ്കലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1978ൽ പ്രാബല്യത്തിൽ വന്ന ജമ്മു കാശ്മീർ നിയമമാണ് പിഎസ്‌എ. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന നിയമമാണിത്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജമ്മു കശ്മീർ ഭരണകൂടം തടഞ്ഞുവച്ചിരുന്നു.