ലഖ്‌നൗ: ഖാസിയാബാദിൽ മാധ്യമ പ്രവർത്തകൻ വിക്രം ജോഷി കൊല്ലപ്പെട്ട കേസിൽ വിജയ് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻചാർജിനെ സസ്‌പെൻഡ് ചെയ്‌തു. വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റിയതായി ഖാസിയാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് സർക്കിൾ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. വിജയനഗർ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും റിപ്പോർട്ടിലുണ്ട്.
ജോഷിയുടെ മരുമകളെ ഉപദ്രവിച്ച ഗുണ്ടകൾക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും എന്നാൽ പൊലീസ് നടപടികൾ സ്വീകരിച്ചില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ജൂലൈ 20ന് ഗാസിയാബാദിലെ വിജയ് നഗറിലെ വസതിക്ക് സമീപത്ത് വെച്ചാണ് ജോഷിയെ അജ്ഞാതർ ആക്രമിച്ചത്. തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിക്കുകയായിരുന്നു.