ഇംഫാൽ: മണിപ്പൂരിൽ ശനിയാഴ്ച നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പേർ മുംബൈയിൽ നിന്നും ഒരാൾ ചെന്നൈയിൽ നിന്നും ഒരാൾ കൊൽക്കത്തയിൽ നിന്നും മടങ്ങിയെത്തിയവരാണ്. 75 വയസുള്ള സ്ത്രീയും 48 വയസുള്ള പുരുഷനുമാണ് മുംബൈയിൽ നിന്നും എത്തിയത്. മെയ് 14ന് എത്തിയ ഇവർ നിരീക്ഷണത്തിലായിരുന്നു.
മെയ് 13ന് പ്രത്യേക ട്രെയിനിലാണ് 22കാരിയായ യുവതി ചെന്നൈയിൽ നിന്നും തിരിച്ചെത്തിയത്. ചുരചന്ദ്‌പൂർ ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇവർ. ഇവർക്കൊപ്പം 1140 മണിപ്പൂർ സ്വദേശകളാണ് ട്രെയിനിലുണ്ടായിരുന്നത്.
കൊൽക്കത്ത ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതി മെയ് ഏഴിനാണ് ബസ് മാർഗം മണിപ്പൂരിൽ എത്തിയത്. ഇവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.