ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി ആരോപിച്ച് നാല് കശ്മീരീ യുവാക്കളെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. നാല് പിസ്റ്റളുകളും 120 ലൈവ് കാട്രിഡ്‌ജുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. കശ്മീരിലെ കുപ്രസിദ്ധ തീവ്രവാദിയായ ബുർഹാൻ കോക എന്ന ഛോട്ടാ ബുർഹാന്‍റെ ജ്യേഷ്ഠനാണ് അറസ്റ്റിലായ ഇഷ്‌ഫാക് മജിദ് കോക. സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ഛോട്ടാ ബുർഹാൻ കൊല്ലപ്പെട്ടത്. ഇതേതുടർന്നാണ് സഹോദരൻ ഇഷ്‌ഫാക് മജിദ് കോകയെ തീവ്രവാദ സംഘടന റിക്രൂട്ട് ചെയ്തത്.
തലസ്ഥാനത്ത് ഒരു വലിയ ആക്രമണം നടത്താൻ സംഘം പദ്ധതിയിടുന്നുണ്ടെന്നും ധാരാളം ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെല്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ, ഗസ്വത്-ഉൽ-ഹിന്ദ് തലവനുമായി ഇഷ്‌ഫാക് മജിദ് കോക ബന്ധം പുലർത്തുന്നതായി പ്രത്യേക സെൽ കണ്ടെത്തി.