ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ മുകർബ ചൗക്കില്‍ റെയിൽവേ പാലത്തിന് സമീപം 16 വയസുകാരനെ കൊലപ്പെടുത്തി കവർച്ച ചെയ്ത കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോനു ഗുട്ട്ന (21), അജയ് (20), ദത്ത കംലെ, ബജ്രംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മെയ് 11 നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം മുകർബ ചൗക്കിന് സമീപം റെയിൽവേ പാലത്തിനടിയിൽ നിന്ന് കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും സുഹൃത്തുക്കളായ സന്ദീപ്, സൂൽചന്ദ്, രാജ്ബിന്ദ് എന്നിവരും വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പുലർച്ചെ 12.30ഓടെ റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ പിസ്റ്റളും കത്തിയുമായി അജ്ഞാതർ ഇവരെ ആക്രമിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗൗരവ് ശർമ പറഞ്ഞു. പ്രതികൾ ഇവരിൽ നിന്ന് 4,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും കവർച്ച ചെയ്തതായും ഇരകളിലൊരാൾ ആക്രമണം എതിർത്തപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കും സുഹൃത്തുക്കൾക്കും പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികളിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച പിസ്റ്റളും തട്ടിയെടുത്ത മൂന്ന് മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.