ഭോപ്പാല്‍: പ്രായത്തിന്‍റെയും കഷ്‌ടപ്പാടിന്‍റെയും വേലിക്കെട്ടുകളൊന്നും നാലര വയസുകാരന്‍ ദക്ഷ് പ്രജാപതിക്ക് തടസം സൃഷ്‌ടിച്ചില്ല. എന്തിനും ഏതിനും കൃത്യമായ ഉത്തരം നല്‍കി 'ഗൂഗിൾ ബോയ്' എന്നറിയപ്പെടുന്ന ഹരിയാന സ്വദേശി കൗടില്യ പണ്ഡിറ്റ് ശേഷം രണ്ടാമത്തെ 'ഗൂഗിൾ ബോയ്' പട്ടം സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഉമാരിയ സ്വദേശി ദക്ഷ് പ്രജാപതി.
ഉമാരിയയിലെ ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്‌കൂൾ വിദ്യാര്‍ഥിയായ ദക്ഷ് പ്രായത്തില്‍ കവിഞ്ഞ അറിവ് കൊണ്ടാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. രാഷ്‌ട്രീയം, സാങ്കേതികം തുടങ്ങി വിവിധ മേഖലകളെ കുറിച്ച് എന്ത് ചോദിച്ചാലും ദക്ഷിന്‍റെ പക്കല്‍ ഉത്തരം കാണും. സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും കല്‍പ്പണിക്കാരനായ ദക്ഷിന്‍റെ അച്ഛന്‍ അവനെ നാട്ടിലെ മികച്ച സ്‌കൂളില്‍ തന്നെ പഠിക്കാന്‍ അയച്ചു. ദക്ഷിന്‍റെ കഴിവും സാമ്പത്തികനിലയും അറിഞ്ഞ സ്‌കൂൾ അധികൃതര്‍ ഫീസ് ഒഴിവാക്കിയാണ് അവനെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്‌തത്. ദക്ഷിന്‍റെ അമ്മാവന്‍ മഹേന്ദ്ര പ്രജാപതിയും പഠനകാര്യങ്ങളില്‍ അവനെ സഹായിക്കുന്നു.