ന്യൂഡൽഹി: മുനിസിപ്പൽ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ പൂർണിമ വിദ്യാർഥി കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ പട്ടേൽ നഗർ കൗൺസിലർ ആയിരിക്കെയാണ് അന്ത്യം. രാജേന്ദ്ര നഗറിൽ സ്ഥിതിചെയ്യുന്ന ബി.എൽ കപൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജന്മനാട്ടിലേക്ക് എത്തിച്ചു.
ഡൽഹിയിൽ ഒടുവിൽ സ്ഥിരീകരിച്ചത് 3,630 കൊവിഡ് കേസുകളാണ്. ആകെ രോഗബാധിതരുടെ എണ്ണം 56,000 കടന്നു. മരണസംഖ്യ 2,112 ലെത്തി. ഡൽഹിയിൽ രണ്ടാമത്തെ പ്രാവശ്യമാണ് മൂവായിരത്തിലധികം കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കൊവിഡ് ബാധിതനായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് പ്ലാസ്മ തെറാപ്പി നൽകി. നേരത്തെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ആയിരുന്ന ആരോഗ്യമന്ത്രിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.