ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രി സയ്യിദ അൻവാര തൈമൂർ (83) ഓസ്‌ട്രേലിയയിൽ അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയയിൽ താമസിക്കുകയായിരുന്ന സയ്യിദ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1936 നവംബർ 24 നാണ് ജനനം. അടുത്ത കാലത്തായി ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് തൈമൂറിന്‍റെ പേര് നഷ്ടപ്പെട്ടിരുന്നു. തന്‍റെ കുടുംബത്തെ സംസ്ഥാനത്തെ പൗരന്മാരുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്ന പ്രക്രിയ ആരംഭിക്കുന്നതിനായി അവൾ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നു.
1980 ഡിസംബർ ആറ് മുതൽ 1981 ജൂൺ 30 വരെ തൈമൂർ അസം മുഖ്യമന്ത്രിയായിരുന്നു. അസം ചരിത്രത്തിൽ സംസ്ഥാനത്തെ ഏക വനിതാ മുസ്ലീം മുഖ്യമന്ത്രികൂടിയാണ് തൈമൂർ. ഇന്ത്യ ചരിത്രത്തിലും ആദ്യത്തെ മുസ്ലീം വനിതാ മുഖ്യമന്ത്രിയാണ് സയ്യിദ അൻവാര തൈമൂർ. 1983 മുതൽ 1985 വരെ തൈമൂർ പിഡബ്ല്യുഡി മന്ത്രിയായിരുന്നു. 1956 ൽ ജോർഹത്തിലെ ഡെബിചരൻ ബറുവ ഗേൾസ് കോളജിൽ സാമ്പത്തിക ശാസ്ത്രത്തിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1972, 1978, 1983, 1991 വർഷങ്ങളിൽ അസം അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. 1988 ൽ ഇന്ത്യൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 1991 ൽ അസമിലെ കൃഷി മന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ബിരുദം നേടി. 2011 ൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൽ ചേർന്നു. ജൂലൈ30 ന് പുറത്തിറങ്ങിയ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്‍റെ (എൻആർസി) അന്തിമ കരടിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രദ്ധേയമായ പേരുകളിൽ സയ്യിദ അൻവാര തൈമൂറും ഉൾപ്പെട്ടിരുന്നു.