ഭോപ്പാൽ: മധ്യപ്രദേശിൽ വനപാലകൻ അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചു. ദേവാസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന റിസർവ് വനത്തിൽ വെച്ചാണ് മദൻലാൽ വർമ (58) എന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തടി മാഫിയ ആണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ചോതി താലി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നനിടയിലാണ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അജ്ഞാതരുമായി ഏറ്റുമുട്ടിയതിന്‍റെ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തിരിക്കുന്നത്. സംഭവം അന്വേഷിക്കുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ്‌മോർട്ടത്തിനായി ഉദ്യോഗസ്ഥന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.