ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 2,000 വിദേശ പൗരന്മാർക്ക് ഇന്ത്യയില്‍ വിലക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീൻ മര്‍ക്കസില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരൻമാര്‍ക്കാണ് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 10 വര്‍ഷത്തേക്കാണ് വിലക്ക്.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ 376 വിദേശ പൗരന്മാരെ ഉൾപ്പെടുത്തി 35 കുറ്റപത്രങ്ങൾ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. വിസ നിയമങ്ങൾ ലംഘിച്ചതിനും കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് വിദേശ പൗരൻമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യര്‍ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ലംഘിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.