ചെന്നൈ: ലോകത്തെ പ്രധാന കാർഷിക ശക്തിയായി രാജ്യത്തെ മാറ്റാനുള്ള പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവും കാർഷിക ശാസ്‌ത്രജ്ഞനുമായ ഡോ. എംഎസ് സ്വാമിനാഥന്‍. ഇടിവി ഭാരത്തിന് എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ വെച്ച് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ആഹ്‌ളാദമുണ്ട്. കാർഷിക മേഖലക്കായി തുക വകയിരുത്തി. കാർഷികാഭിവൃദ്ധിക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായി. ഈ രംഗത്ത് വിവിധ സാധ്യതകൾ തുറന്നിടാനും കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ സാധിച്ചു. ഇതിനാല്‍ തന്നെ ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ കർഷർ സന്തുഷ്‌ടരാണ്. ജൈവ കാർഷിക മേഖലയുടെ ശാസ്‌ത്രീയമായ മാറ്റങ്ങൾക്കും ഉൾനാടന്‍ മത്സ്യബന്ധന മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കി. കാർഷിക മേഖലയെ വരുമാനം ഉണ്ടാക്കിതരുന്ന തൊഴില്‍ മേഖലയാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉൾക്കൊള്ളിച്ചു.
ഇക്കാര്യത്തില്‍ ധനമന്ത്രി നിർമല സീതാരാമനേയും പ്രധാനമന്ത്ര നരേന്ദ്ര മോദിയേയും അഭിനന്ദിക്കുന്നു. രാജ്യത്തിന്‍റെ വികസനത്തിന് കാർഷിക രംഗത്തെ അഭിവൃദ്ധി അനിവാര്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളുടെയും തൊഴില്‍മേഖല കാർഷിക രംഗമാണ്. പുതു തലമുറയുടെ ഭാവിയും കാർഷിക മേഖലയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.