പനാജി: മുംബൈയിൽ നിന്ന് സംസ്ഥാനത്തെത്തിയ അഞ്ച് യാത്രക്കാർക്ക് കൂടി കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗോവയിൽ സജീവമായ കേസുകളുടെ എണ്ണം 31 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ട്രെയിനിലെത്തിയ ഗോവ സ്വദേശികൾക്കാണ് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
മുംബൈ-ഗോവ ട്രെയിനിൽ നാട്ടിലെത്തിയ 100 ആളുകളിൽ ഒമ്പത് പേരുടെ സാമ്പിളുകൾ ട്രൂനാറ്റ് (ദ്രുത) പരിശോധനയിൽ പോസിറ്റീവ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം, നാല് യാത്രക്കാർക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞു. പുതുതായി അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇപ്പോൾ സംസ്ഥാനത്ത് 31 പേരാണ് ചികിത്സയിലുള്ളത്.
31 രോഗികളെയും സൗത്ത് ഗോവ ജില്ലയിലെ മർഗാവോ പട്ടണത്തിലെ കൊവിഡ് ചികിത്സക്കായുള്ള പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ഗോവ മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചതായും ആരോഗ്യ മന്ത്രി വിശദമാക്കി.
ശനിയാഴ്ച ഡൽഹി-തിരുവനന്തപുരം രാജധാനി ട്രെയിനിൽ യാത്ര ചെയ്‌ത് ഗോവയിലെത്തിയ ആറു യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സംസ്ഥാനത്ത് സ്ഥിരീകരിച്ച രോഗികളെല്ലാം സുഖം പ്രാപിച്ചതിനെത്തുടർന്ന് കേന്ദ്രം മെയ് ഒന്നിന് ഗോവയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുറത്തെ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ തിരിച്ചെത്താൻ തുടങ്ങിയതോടെയാണ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത്. അതേസമയം, ഗോവയിൽ വൈറസിന്‍റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് വിശ്വജിത് റാണെ കൂട്ടിച്ചേർത്തു.