ഹൈദരാബാദ്: ശ്രീശൈലത്തെ ഭൂഗർഭ ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 17 പേരിൽ എട്ട് പേർ തുരങ്കത്തിലൂടെ രക്ഷപ്പെട്ടെന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആറ് ടിഎസ് ജെൻകോ ജീവനക്കാരും മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരുമാണ് കുടുങ്ങിക്കിടക്കുന്നത്.
കനത്ത പുക രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അധികൃതർ പറഞ്ഞു. നാഗാർക്കുർനൂൾ കലക്‌ടർ ഷർമാൻ, മന്ത്രി ജഗദീഷ് റെഡ്ഡി, ടിഎൻ ജെൻകോ സിഎംഡി പ്രഭാകർ റാവു തുടങ്ങിയവർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി സി ചന്ദ്രശേഖർ റാവു അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. സ്ഥലത്തെത്തിയ മന്ത്രി ജഗദീഷ് റെഡ്ഡി, ടിഎൻ ജെൻകോ സിഎംഡി പ്രഭാകർ റാവു എന്നിവരുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിവരം. പവർഹൗസിൽ നിന്ന് മൂന്ന് എമർജൻസി എക്സിറ്റുകളാണ് ഉള്ളത്. കുടുങ്ങിക്കിടക്കുന്ന ജീവനക്കാർക്ക് ഇതുവഴി പുറത്തുവരാനുള്ള സാധ്യതയുണ്ട്. പുക കുറഞ്ഞതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് ജെൻകോ സിഇഒ സുരേഷ് പറഞ്ഞു.
പവർ സ്റ്റേഷന്‍റെ ആദ്യ യൂണിറ്റിലാണ് അപകടമുണ്ടായതെന്നും നാല് പാനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു. കട്ടിയായ പുകയെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് തുരങ്കത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.