ന്യൂഡൽഹി: രാമ ജന്മഭൂമി-ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട അയോധ്യ കേസ് വാദം ഒക്ടോബർ 18നകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. അഭിഭാഷകരുമായി ഷെഡ്യൂൾ ചർച്ച ചെയ്യവേ രണ്ട് ദിവസത്തിനുള്ളിൽ വാദം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. എന്നാൽ സാധ്യത കുറവാണെന്നായിരുന്നു അഭിഭാഷകരുടെ മറുപടി.
ഒക്ടോബർ 18ന് വാദം അവസാനിക്കുന്നതുവരെ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിക്ക് വാദങ്ങൾ തുടരാൻ കഴിയുമെന്നും കോടതി വിധിച്ചു.18 കഴിഞ്ഞാല്‍ ഒരു ദിവസം പോലും നീട്ടി നല്‍കില്ലെന്ന് കോടതി അറിയിച്ചു. എഴുപത് വർഷം പഴക്കമുള്ള തർക്കം പരിഹരിക്കുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ല നേതൃത്വത്തിൽ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറും, മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവും അടങ്ങുന്ന മധ്യസ്ഥ പാനലിനെ സുപ്രീം കോടതി മാർച്ചിൽ നിയമിച്ചിരുന്നു. അയോദ്ധ്യയിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു മധ്യസ്ഥ പാനലിൻ്റെ പ്രവർത്തനം. എന്നാൽ മെയ് മാസത്തിൽ, സുപ്രീംകോടതി മധ്യസ്ഥ സമിതിയുടെ സമയം ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നു.