ഗാന്ധിനഗർ: ഗുജറാത്തിൽ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്ക് ഇനി മുതൽ 1000 രൂപ പിഴ നൽകേണ്ടി വരും. കൊവിഡ് വ്യാപനം തടയാൻ ഗുജറാത്ത് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. മുൻപ് 500 രൂപയായിരുന്നു പിഴ. കൊവിഡ് -19 നെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വ്യക്തികൾ മാസ്‌ക് ധരിക്കുക എന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് ഓഗസ്റ്റ് 11 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
വൈറസ് പകരുന്നത് തടയാൻ, ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ 200 രൂപയായിരുന്ന പിഴ നിരക്ക് 500 ആയി ഉയർത്തിയപ്പോൾ നിയമം ലംഘിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും അതിനാൽ തന്നെ കോടതി ഉത്തരവ് കൊവിഡ് പ്രതിരോധത്തിന് സഹായകമാകുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.