ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12,000 കോടിയുടെ പലിശ രഹിത വായ്പ പ്രഖ്യാപിച്ച് കേന്ദ്രം. 43മത് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് വായ്പ അനുവദിക്കുക.
ആദ്യ ഘട്ടത്തില്‍ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200 കോടി വീതവും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് 450 കോടി വീതവും നല്‍കും. അടുത്ത ഘട്ടത്തില്‍ ബാക്കി സംസ്ഥാനങ്ങള്‍ക്ക് 7,500 കോടി നല്‍കും. ആത്മനിര്‍ഭര്‍ ഭാരത് മാനദണ്ഡങ്ങള്‍ പാലിച്ച സംസ്ഥാനങ്ങള്‍ക്ക് 2,000 കോടി അനുവദിക്കും. ആദ്യ രണ്ട് ഘട്ടത്തില്‍ ലഭിക്കുന്ന വായ്പ അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് ചെലവഴിക്കണം. ഇതില്‍ ആദ്യം അനുവദിച്ച 50 % പണം ചെലവഴിച്ചതിന് ശേഷം മാത്രമെ രണ്ടാം ഘട്ടം പണം നല്‍കൂ.
ഉപഭോക്തൃ ചെലവുകളും മൂലധന ചെലവും വര്‍ധിപ്പിക്കുന്നതിനായി 2021 മാര്‍ച്ച് 31നകം 73,000 കോടിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. റോഡുകള്‍, പ്രതിരോധം, ജലവിതരണം, നഗരവികസനം എന്നിവക്കായി നീക്കിവച്ച 4.13 ലക്ഷം കോടിക്ക് പുറമെ 25,000 കോടി കൂടി സര്‍ക്കാര്‍ ചെലവാക്കും.