ഹൈദരാബാദ്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2005 ഒക്‌ടോബര്‍ 12നാണ് വിവരാവകാശ നിയമം നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാവുന്നത്. വിജയദശമി ദിനത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു പുതിയ പരിണാമ ദശയ്ക്ക് തുടക്കം കുറിക്കുമെന്നുള്ള പ്രതീക്ഷകള്‍ നല്‍കി കൊണ്ട് നിയമം പ്രാവർത്തികമായത്. ഈ നിയമത്തിനു വേണ്ടി വാദിച്ചു കൊണ്ടിരുന്ന പൗരന്മാര്‍ക്ക് ഇന്ത്യയിലെ സമ്പൂര്‍ണമല്ലാത്ത തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ ഒരു യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യമാക്കി മാറ്റുവാനുള്ള അവസരമായിരുന്നു മുന്നില്‍ വന്നത്. രാജ്യത്തിന്‍റെ യഥാർത്ഥ ഭരണകര്‍ത്താക്കളായ പൗരന്മാർക്കുള്ള സ്വരാജ് ആയിരുന്നു അത് വാഗ്ദാനം നല്‍കിയത്. 1990കളില്‍ രാജസ്ഥാനിലെ ദേവ്ദുംഗ്രി ഗ്രാമത്തിൽ അരുണാ റോയിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിവരാവകാശ പ്രസ്ഥാനം ലോകത്തെ ഏറ്റവും സുതാര്യമായ മികച്ച നിയമമായി മറിക്കൊണ്ട് അത് തങ്ങളുടെ സ്വപ്നം സഫലമാക്കുന്നത് കണ്ടു.
1975 മുതല്‍ ഇങ്ങോട്ട് പല തവണയായി ഉണ്ടായ വിധികളിലൂടെ സുപ്രീം കോടതി അഭിപ്രായ സ്വാതന്ത്ര്യം, പ്രസിദ്ധീകരണത്തിനും, വിവരം അറിയുന്നതിനുമുള്ള അവകാശങ്ങൾ എന്നിവ മൗലികാവകാശങ്ങളായി ഉറപ്പാക്കുന്നു 19 (1) (എ) വകുപ്പ് എന്ന് അംഗീകരിക്കുകയുണ്ടായി. എന്നിരുന്നാലും ആദ്യത്തെ രണ്ട് അവകാശങ്ങളും അംഗീകരിക്കപ്പെടുകയും അവയുടെ സാധ്യതകള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയും ചെയ്തു എങ്കിലും എല്ലാ പൗരന്മാര്‍ക്കും വിവരങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനുള്ള ഒരു വ്യക്തമായ രീതിയുടെ അഭാവം മൂലം വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ലഭിക്കാതെ നീണ്ടു പോയികൊണ്ടിരുന്നു. 2005ലെ വിവരാവകാശ നിയമം ഈ അവകാശത്തെ വളരെ വ്യക്തമായി തന്നെ സംക്ഷേപിച്ചിരുന്നതായിട്ടും ഇതായിരുന്നു സ്ഥിതി.
ഈ നിയമത്തിന്‍റെ കരട് രേഖയില്‍ വിവരാവകാശ നിയമ പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങള്‍ കൂടി ചേര്‍ത്ത് അതിന്‍റെ വ്യവസ്ഥകള്‍ വളരെ ഭംഗിയായി തന്നെ രൂപപ്പെടുത്തിയിരുന്നു. ജനാധിപത്യം അതിന്‍റെ പ്രാവര്‍ത്തിക തലത്തില്‍ തീര്‍ത്തും സുതാര്യമായിരിക്കണമെന്ന് ഈ നിയമം അതിന്‍റെ ആമുഖത്തില്‍ തന്നെ ഊന്നി പറയുന്നുണ്ട്. മാത്രമല്ല, അഴിമതിയെ തടയുകയും അതോടൊപ്പം തന്നെ സര്‍ക്കാരുകളെ ഉത്തരവാദിത്തം പറയാന് ബാധ്യസ്ഥരാക്കുകയും വേണമെന്നും അത് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇത് കൈവരിക്കുന്നതിന് പ്രാവര്‍ത്തിക തലത്തില്‍ ചില പരിമിതികള്‍ ഉണ്ടാവാമെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ ഈ നിയമം പരസ്പര വിരുദ്ധമായ താല്‍പ്പര്യങ്ങളെ ചേര്‍ത്തു വെച്ചു കൊണ്ട് ഇന്ത്യക്ക് ലോകത്ത് തന്നെ ഏറ്റവും മികച്ച സുതാര്യതയുള്ള ഒരു നിയമം നല്‍കി.
ശക്തമായ ഈ നിയമത്തിന്‍റെ പിന്‍ പറ്റി കൊണ്ട് പൗരന്മാര്‍ ഈ നിയമം എങ്ങിനെ ഉപയോഗിക്കണമെന്ന് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ആദ്യത്തെ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ഈ നിയമത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ പൗരന്മാര്‍ അതിലൂടെ പല കാര്യങ്ങളും പ്രാബല്യത്തിലാക്കിപ്പിച്ചു.
തങ്ങളോട് ഉത്തരവാദിത്തം പറയുവാന്‍ ബാധ്യസ്ഥരായവര്‍ ഉണ്ടാവുമെന്നും, തങ്ങളുടെ സര്‍ക്കാരിന്‍റെ ജാഗരൂകരായ നിരീക്ഷകരായി മാറുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും പൗരന്മാര്‍ തിരിച്ചറിഞ്ഞു. ഒട്ടനവധി കുംഭകോണങ്ങള്‍ പുറത്തു വരാന്‍ ആരംഭിക്കുകയും, പൗരന്മാരെ ഈ രാഷ്ട്രത്തിന്‍റെ യഥാര്‍ത്ഥ ഭരണകര്‍ത്താക്കളായി കണ്ടു കൊണ്ട് പെരുമാറുവാന്‍ പൊതു ജന സേവകരെ അത് നിര്‍ബന്ധിതരാക്കുകയും ചെയ്തു. വ്യക്തിപരമായി ഓരോ പൗരന്മാരും തങ്ങള്‍ ശാക്തീകരിക്കപ്പെട്ടതായി അനുഭവിച്ചു. പൗരന്മാര്‍ക്ക് റേഷന്‍ കാര്‍ഡുകളും, റേഷനുകളും, ആദായനികുതി റീഫണ്ടുകളും, മറ്റ് ഒട്ടനവധി സേവനങ്ങളും ലഭ്യമാകുവാന്‍ തുടങ്ങി. അതിലൊക്കെ ഉപരിയായി ഭരണകര്‍ത്താക്കള്‍ തങ്ങളോട് ഉത്തരവാദിത്തം കാണിക്കുവാന്‍ ബാധ്യസ്ഥരാണെന്ന് പൗരന്മാര്‍ക്ക് ബോധ്യമായി തുടങ്ങി. പിഴ ഒടുക്കേണ്ടി വരുമെന്നുള്ള ഭീഷണി മൂലം വിവരങ്ങള്‍ നല്‍കുക എന്നുള്ള തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നടപ്പാക്കുവാന്‍ തുടങ്ങി പൊതു ജന സേവകര്‍. ലളിതമായ ഈ നിയമം ഉപയോഗിക്കുവാനും പ്രാബല്യത്തില്‍ വരുത്തുവാനും എളുപ്പമായിരുന്നു. പത്ത് പൈസ പോലും വാങ്ങാതെ ഒട്ടനവധി പേരെ നിയമം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുവാന്‍ ആയിരകണക്കിന് വിവരാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ടായി. ഇതുമൂലം രാജ്യത്തുടനീളം വിവരാവകാശ നിയമം അറിയപ്പെടാനും ഉപയോഗപ്പെടുത്തുവാനും ആരംഭിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ കോടിക്കണക്കിന് വിവരാവകാശ അപേക്ഷകളാണ് രാജ്യത്തുടനീളം വിവിധ ഓഫീസുകളില്‍ സമര്‍പ്പിക്കപ്പെട്ടത്.
എന്നാല്‍ വിവരാവകാശ നിയമത്തിനെതിരെ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കിടയില്‍ നിന്നു തന്നെ പ്രതിരോധം ഉയര്‍ന്നു വന്നു തുടങ്ങി. സുതാര്യതയെ കുറിച്ച് ഓരോരുത്തരും വാചാലരാവുമ്പോള്‍ തന്നെ മറ്റുള്ളവര്‍ സുതാര്യരായിരിക്കണമെന്നും അതേ സമയം തങ്ങള്‍ സ്വയം അത് പ്രാവര്‍ത്തികമാക്കുവാന്‍ വിമുഖരാണെന്നുമുള്ള ഒരു സമീപനം പലരിലും കണ്ടു തുടങ്ങി. അതിനാല്‍ അഴിമതിക്കാര്‍ വ്യക്തമായ കാരണങ്ങളോടു കൂടി തന്നെ ഈ നിയമത്തിനെതിരെ നീങ്ങി. സത്യസന്ധരായവരില്‍ മിക്കവരും തങ്ങള്‍ എടുത്ത തീരുമാനങ്ങളും നടപടികളും ഒക്കെ വെളിവാക്കണമെന്നുള്ള ആവശ്യത്തെ അഹങ്കാരത്തിന്‍റെ പുറത്ത് കുറ്റകരമായ കാര്യമായി കാണാന്‍ തുടങ്ങി. ഭരണത്തിന്‍റെ മിക്കവാറും എല്ലാ അധികാര കേന്ദ്രങ്ങളെയും വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടു വന്നിരുന്നു എന്നതിനാല്‍ വിവരാവകാശ നിയമത്തെ കറുത്ത ചായം പൂശി അതിനെ അവമതിച്ചു കാണിക്കുവാനുള്ള പല നീക്കങ്ങളും പ്രതിരോധിക്കുന്നവരില്‍ നിന്നും ഉണ്ടായി. 2011-ല്‍ സിബിഎസ്ഇയും ആതിഥ്യ ബന്ദോപാധ്യായയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണമായിരുന്നു ഇതില്‍ ആദ്യത്തെ നിര്‍ഭാഗ്യകരമായതും എന്നാല്‍ നിര്‍ണ്ണായകവുമായ സൂചനകളില്‍ ഒന്ന്. “വിവരാവകാശ നിയമത്തെ ദുരുപയോഗപ്പെടുത്തുകയോ ദുര്‍വിനിയോഗിക്കുകയോ ചെയ്യരുത്, ദേശീയ വികസനത്തെയോ ഐക്യത്തെയോ തടസ്സപ്പെടുത്താനുള്ള ഒരു ഉപകരണമായി അത് മാറരുത് അല്ലെങ്കില്‍ പൗരന്മാര്‍ക്കിടയിലുള്ള സമാധാനത്തേയോ ശാന്തിയേയോ സഹിഷ്ണുതയേയോ തകര്‍ക്കുവാന്‍ അത് ഉപയോഗിക്കപ്പെടരുത്. അതോടൊപ്പം തന്നെ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനായി ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥന്മാരെ അടിച്ചമര്‍ത്തുവാനോ അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുവാനോ ഉള്ള ഉപകരണമായും അത് മാറിക്കൂടാ.'' സുപ്രീം കോടതിയുടെ ഈ നിരീക്ഷണം നിരവധി ഉദ്യോഗസ്ഥര്‍ പിന്നീട് പല തവണ ഉദ്ധരിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ഈ നിയമം പാലിക്കാതിരിക്കുവാനുള്ള ഒരു ന്യായീകരണമായി പ്രസ്തുത ഉദ്യോഗസ്ഥര്‍ ഈ പരാമര്‍ശങ്ങളെ കാണുന്നു.
അതേ സമയം തന്നെ ഈ നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള അവസാനത്തെ ഉന്നത സമിതികളായി രൂപീകരിക്കപ്പെട്ട മിക്ക വിവരാവകാശ കമ്മീഷനുകളും തൃപ്തികരമായ രീതികളിലല്ല പ്രവര്‍ത്തിച്ചു വരുന്നത്. കമ്മീഷന്‍റെ മുന്നില്‍ വന്നെത്തുന്ന രണ്ടാം അപ്പീലുകളെല്ലാം തന്നെ വര്‍ഷങ്ങളോളം തീരുമാനമാകാതെ കെട്ടി കിടക്കുന്നു. തെറ്റു ചെയ്ത പൊതു ജന സേവകര്‍ക്കെതിരെ ശിക്ഷ സ്വീകരിക്കാന്‍ നിയമത്തില്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുവാന്‍ ഈ കമ്മീഷനുകളൊക്കെയും വിമുഖരാണ്. ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുവാന്‍ തയ്യാറായില്ലെങ്കിലും അവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും തന്നെ നേരിടേണ്ടി വരില്ല എന്ന് സര്‍ക്കാരുകളും പൊതു വിവരാവകാശ ഓഫീസുകളും ഉറപ്പാക്കുവാന്‍ തുടങ്ങി. യാതൊരു തരത്തിലും നിര്‍വാഹമില്ലാത്ത കേസുകളില്‍ മാത്രമാണ് വെളിപ്പെടുത്തുവാനുള്ള ഉത്തരവ് കമ്മീഷന്‍ പുറപ്പെടുവിക്കുന്നത്. കമ്മീഷനപ്പുറത്തേക്ക് അപ്പീലുകളൊന്നും പോകുവാന്‍ ഈ നിയമം അനുവദിക്കുന്നില്ല എങ്കിലും ഈ തീരുമാനങ്ങളെ പലപ്പോഴും റിട്ടുകളുടെ പേരില്‍ കോടതികളില്‍ വെല്ലുവിളിക്കുവാന്‍ ആരംഭിച്ചു. അതിനാല്‍ വളരെ പ്രധാനപ്പെട്ടതും സമകാലികവുമായ കാര്യങ്ങളില്‍ പോലും പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കുക എളുപ്പമുള്ള കാര്യമായി. ഇതിന്‍റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് പിഎം കെയേഴ്‌സ് ഫണ്ട് അതിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ വിസ്സമ്മതിച്ചത്. പ്രധാനമന്ത്രി, മറ്റ് മൂന്ന് മന്ത്രിമാര്‍ എന്നിവരിലൂടെ സര്‍ക്കാരാണ് ഈ ഫണ്ടിന്‍റെ നിയന്ത്രണം കൈയ്യാളുന്നത് എന്നതിനാല്‍ വിവരാവകാശ നിയമപ്രകാരം അതൊരു പൊതു അധികാര കേന്ദ്രമായിട്ടു പോലും കടുത്ത നിയമ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വാങ്ങലുകളെ സംബന്ധിച്ചുള്ള വിവരങ്ങളും, കോവിഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഇതുപോലെ വെളിപ്പെടുത്തുവാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ചില കേസുകളില്‍ എം എല്‍ എ ഫണ്ടുകള്‍ വിനിയോഗിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ പോലും പൊതു ജനങ്ങള്‍ക്ക് നല്‍കുന്നത് തടസ്സപ്പെടുത്തുന്നു. കേന്ദ്ര വിവര കമ്മീഷന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ എല്ലാം തന്നെ പൊതു അധികാര സ്ഥാനങ്ങളായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തീരുമാനത്തെ ഒരു കോടതിയിലും അവരാരും വെല്ലുവിളിച്ചിട്ടുമില്ല. എന്നാല്‍ നിയമ വിരുദ്ധമായ അഹങ്കാരം പൂര്‍ണ്ണ തോതില്‍ പ്രകടമാക്കി കൊണ്ട് അവര്‍ നിയമപരമായ ഈ ഉത്തരവ് അനുസരിക്കുവാന്‍ വിസ്സമ്മതിക്കുന്നു. വിചിത്രമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി കൊണ്ട് നിയമത്തെ തീര്‍ത്തും അവമതിച്ചു കൊണ്ട് കമ്മീഷണര്‍മാരും പി ഐ ഒ കളും നിരവധി വിവരങ്ങളാണ് നല്‍കാന്‍ വിസ്സമ്മതിക്കുന്നത്.
എന്നിരുന്നാലും നിയമം കൃത്യമായി നടപ്പിലാക്കി കിട്ടുന്നതിനായി പൗരന്മാരും തങ്ങളുടെ കരുത്ത് കെട്ടിപ്പടുത്തു കൊണ്ടിരിക്കുകയാണ്. ഈ നിയമം തങ്ങള്‍ക്ക് നല്‍കുന്ന കരുത്ത് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊവിഡിന്‍റെ ഈ കാലത്ത് പോലും നിരവധി വ്യത്യസ്തമായ സംഘങ്ങള്‍ വിര്‍ച്ച്വല്‍ വേദികളിലൂടെ വിവരാവകാശ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വിചാരണകളും വിര്‍ച്ച്വല്‍ വേദികളിലൂടെ നടക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഒരു പൊതുജന താല്‍പ്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടു. അതോടൊപ്പം തന്നെ കൃത്യമായ സമയം പാലിച്ചു കൊണ്ട് എല്ലാ കേസുകളിലും കോടതിക്ക് മുന്നില്‍ മൊഴി നല്‍കുവാന്‍ വിവര കമ്മീഷനുകളോട് നിര്‍ദ്ദേശിക്കണമെന്നും ആ ഹരജിയില്‍ ആവശ്യപ്പെട്ടു. ഇ-പ്ലാറ്റ്‌ഫോമുകള്‍ വളരെ ആവേശത്തോടു കൂടിയാണ് പൗരന്മാര്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ളവര്‍ തമ്മില്‍ ഇതിലൂടെ ബന്ധപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സമാനമായ ഒരു നിര പ്രശ്‌നങ്ങള്‍ പരിണമിച്ചുണ്ടാകുന്നതിലേക്ക് നയിക്കുന്നതിനും പൗരന്മാരുടെ മൗലികാവകാശം ശക്തിപ്പെടുന്നതിനും കാരണമാകും. വിവരാവകാശ നിയമത്തെ ഞെരുക്കുന്നത് 19 (1) (എ) വകുപ്പിനെ പരിമിതപ്പെടുത്തുമെന്നും, അതിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും പ്രസിദ്ധീകരിക്കാനുള്ള അവകാശവും ഞെരുക്കപ്പെടുമെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടി കാട്ടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കഴിഞ്ഞ ആഴ്ച കോടതിയില്‍ പറഞ്ഞത് ഇതാണ്: “ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യമാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നുകൂടി നിങ്ങളോട് പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' ഈ സ്ഥിതിയില്‍ വിവരാവകാശം പുരോഗമിക്കുമോ അതോ പിറകോട്ടടിക്കുമോ എന്ന് കണ്ടറിയണം!
-ശൈലേഷ് ഗാന്ധി
മുന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍