ന്യൂഡല്‍ഹി: ശൈത്യകാലത്ത് ഡല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. മേഖലയിലെ കൊവിഡ് വ്യാപന സ്ഥിതി പഠിക്കാൻ നിയോഗിക്കപ്പെട്ട വി.കെ പോള്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്ന മന്ത്രിയുടെ പ്രസ്താവന. ശൈത്യവും ഉല്‍സവങ്ങളും ഒരുപോലെ വരുമ്പോള്‍ പ്രതിദിനം 12,000 മുതല്‍ 14,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഏത് സ്ഥിതിയെയും നേരിടാനുള്ള സജീകരണങ്ങള്‍ ഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും കൂട്ടുകുടുംബങ്ങളിലും കൊവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമാകുന്നുണ്ടെന്നും വി.കെ പോള്‍ സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ നാലായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ കണക്ക് ഒരു മാസത്തിനുള്ളില്‍ 5.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനത്തിലേക്കെത്തി. ആകെ 3.5 ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 50,000 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് കഴിഞ്ഞ 15 ദിവസത്തിനിടെയാണ്.