ചണ്ഡീഗഡ്:പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന 29 കർഷക യൂണിയനുകൾ ഇന്ന് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും. അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി) അംഗങ്ങളെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ സർക്കാർ തയ്യാറായതോടെ ആണ് കേന്ദ്ര കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളുമായുള്ള കൂടിക്കാഴ്‌ചക്ക് കർഷകർ സമ്മതിച്ചത്.
ബൽബീർ സിംഗ് രാജേവാൽ, ദർശൻ പാൽ, ജഗ്‌ജിത് സിംഗ് ദലേവാൾ, ജഗ്മോഹൻ സിംഗ്, കുൽവന്ത് സിംഗ്, സുർജിത് സിംഗ്, സത്നം സിംഗ് സാഹ്നി എന്നിവരാണ് ചർച്ചയിൽ കർഷകരെ പ്രതിനിധാനം ചെയ്യുന്നത്. നേരത്തെ സർക്കാരുമായി ചർച്ച വേണ്ട എന്ന നിലപാടിലായിരുന്നു കിസാൻ സംഘർഷ്. തുടർച്ചയായി ചർച്ചകൾ ബഹിഷ്‌കരിച്ചാൽ അവർ പിന്നീട് ചർച്ചകൾക്ക് അവസരം ഒരുക്കില്ല. അവർക്ക് ഒരു തരത്തിലുള്ള അവസരങ്ങളും നൽകാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഒരു കർഷക നേതാവ് പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബർ എട്ടിന് വിളിച്ച ചർച്ചക്കുള്ള ക്ഷണം കർഷക സംഘടനകൾ നിരസിച്ചിരുന്നു. കർഷക പ്രക്ഷോഭങ്ങൾ റെയിൽ ഗതാഗതത്തെയും പഞ്ചാബിലെ താപ വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തെയും സാരമായി ബാധിച്ചു. ഭക്ഷ്യധാന്യങ്ങൾ, കൽക്കരി, രാസവളങ്ങൾ, പെട്രോളിയം തുടങ്ങിയവയുടെ വിതരണം തടസ്സപ്പെടുകയാണെന്നും ട്രെയിൻ തടയൽ അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു. കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോട് കർഷകർ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ കാർഷിക ബില്ലിലെ നിയമങ്ങൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും ഇടനിലക്കാരുടെ കയ്യിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ വാദം.