ജമ്മു: പുതിയ കാർഷിക നിയമപ്രകാരം കർഷകർക്ക് ഭൂമി നഷ്ടപ്പെടുമെന്ന വാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കർഷകരിൽ നിന്ന് അനധികൃതമായി ഭൂമി കൈക്കലാക്കുകയും അതിൽ മാളികകളും വാണിജ്യ സ്ഥാപനങ്ങളും പണിയുകയും ചെയ്തവരാണ് ഇത്തരം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. "കർഷകരല്ലാത്തവർ" കൈവശപ്പെടുത്തിയിരിക്കുന്ന കാർഷിക ഭൂമി വീണ്ടെടുക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും അത് കാർഷിക ആവശ്യങ്ങൾക്കായി പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഷ്നി കുംഭകോണത്തിനും മറ്റ് ഭൂമി അഴിമതികൾക്കുമെതിരെ അടുത്തിടെ ആരംഭിച്ച നടപടി യഥാർഥത്തിൽ കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കുന്നതിനാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റത് മുതൽ, കർഷകരുടെ പ്രയോജനത്തിനായി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ ജനാധിപത്യവൽക്കരണം, ഒരു രാഷ്ട്രം-ഒരു കാർഷിക വിപണി എന്ന ആശയം എന്നിവയാണ് പുതിയ കാർഷിക നിയമം മുന്നോട്ട് വെക്കുന്നതെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.